കൊല്ലം: ലോക്ഡൗണ്‍ മൂലം ഹോട്ടലുകളും മറ്റും തുറക്കാതായതോടെ തെരുവുനായ്ക്കളുടെ അന്നം മുട്ടി. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് ആവിഷ്കരിച്ച പദ്ധതി പാതിവഴിയിലുപേക്ഷിച്ച് കൊല്ലം കോര്പ്പറേഷന്.
ഹോട്ടലുകളില്‍ നിന്നും വീടുകളില്‍നിന്നും ആഡിറ്റോറിയങ്ങളില്‍ നിന്നും തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് ജീവിച്ചിരുന്ന തെരുവുനായ്ക്കളും പൂച്ചകളും കാക്കകളുമെല്ലാം ഇപ്പോള്‍ പട്ടിണിയിലാണ്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതികള്‍ നിരന്തരം ഉന്നയിക്കുന്നവരെ ഇപ്പോള്‍ കാണുന്നില്ല. വീടുകളില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക് തന്നെ ഭക്ഷണം അപര്യാപ്തമാകുന്ന വേളയിലാണ് ഈ ദുരിതമെന്നതും ശ്രദ്ധേയമാണ്.
രാത്രികാലങ്ങളില്‍ നഗരത്തിലെയും ഗ്രാമങ്ങളിലെയും തെരുവുകള്‍ വിശന്നുവലഞ്ഞ് പരക്കം പായുന്ന തെരുവുനായ്ക്കളുടെ ദയനീയ കാഴ്ച ദൃശ്യമാണ്. കൊല്ലം കോര്‍പ്പറേഷനില്‍ ആശ്രാമത്തും ചിന്നക്കടയിലും തേവള്ളിയിലും ബീച്ചിലും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏപ്രിലില്‍ ആരംഭിച്ച പദ്ധതി കൊല്ലം കോര്പ്പറേഷന് ഉപേക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്കും രാത്രിയിലും കോര്പ്പറേഷന് വാഹനത്തില്‍ നെയ്ച്ചോറും മറ്റ് ആഹാരസാധനങ്ങളും തെരുവുനായ്ക്കള്‍ക്ക് എത്തിച്ചുനല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ വിവിധ ഡിവിഷനുകളില്‍ കൗണ്‍സിലര്‍മാരും പദ്ധതി ഏറ്റെടുത്ത് തെരുവുനായ്ക്കള്‍ക്ക് ആഹാരമുറപ്പാക്കിയിരുന്നു. എന്നാല്‍ കഷ്ടിച്ച് രണ്ടുമാസം മാത്രമെ പദ്ധതിക്ക് ആയുസുണ്ടായുള്ളൂ.
ചില ഡിവിഷനുകളില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടിയതോടെ നാട്ടുകാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും കൗണ്‍സിലര്‍മാരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാത്രി പത്തിനുശേഷം നഗരത്തില്‍ തെരുവുനായ്ക്കളുടെ അസംബ്ലിയാണെന്നുതന്നെ പറയാം. ചിന്നക്കടയില്‍ വിശന്നുകുരയ്ക്കുന്ന നായ്ക്കളില്‍ ചിലതിന് പട്രോള്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ ബ്രഡും ബണ്ണും മറ്റും മുന്‍കാലത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ അതില്ലാതായതോടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പിന്നാലെ ആഹാരം കിട്ടുമെന്ന് കരുതി ഓടുകയാണ് നായ്ക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: