കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കളുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ. അഞ്ച് ലക്ഷം രൂപ വീതം പതിനാല് വായ്പകളാണ് ഓരോരുത്തരുടെ പേരിലായി ബാങ്കില്‍ നിന്നും എടുത്തിട്ടുള്ളത്.
മരണപ്പെട്ട ജീവനക്കാരന്റെ അച്ഛന്റെയും അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും ഒരു സുഹൃത്തിന്റെയും പേരിലാണ് വായ്പകള്‍ എടുത്തിട്ടുള്ളത്. ഇവരാരുംതന്നെ വായ്പയ്ക്കുള്ള അപേക്ഷയില്‍ പോലും ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബാങ്കിന്റെ ഹെഡ് ഓഫീസ് വഴിയാണ് വായ്പ നല്‍കിയത്. ജീവനക്കാരന് മരണപ്പെട്ട ശേഷം ബാങ്കില്‍ നടന്ന ക്രമക്കേടുകളുടെയെല്ലാം ഉത്തരവാദി ഈ ജീവനക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.
മരണപ്പെട്ടയാളുടെ ഭാര്യയ്ക്ക് ആശ്രിത നിയമനം ലഭിക്കണമെങ്കില്‍ ഒന്നര കോടി രൂപ അടക്കണമെന്ന് പറഞ്ഞതായാണ് ആരോപണം. ബാങ്കില്‍ നിന്നും പല പേരുകളിലായി വായ്പ എടുത്ത എഴുപത് ലക്ഷം രൂപയും അതിന്റെ പലിശയും ചേര്‍ത്ത് ഒരു കോടി രൂപയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്‍പത് ലക്ഷം രൂപയും അടയ്ക്കണമെന്നാണ് ആവശ്യം. സ്ഥിര നിക്ഷേപ തുക കാണാതായതിന്റെ ഉത്തരവാദിത്തം മരണപ്പെട്ട ജീവനക്കാരനില്ലെന്നാണ് ഭരണസമിതി യോഗത്തിലും ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
കല്ലേലി ബ്രാഞ്ചില്‍ നിന്നും സ്ഥിര നിക്ഷേപ തുകയില്‍ 30 ലക്ഷം രൂപ കാണാതായതിനെ തുടര്‍ന്നാണ് മാനേജരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. ഇതേ ശാഖയിലെ കീഴ് ജീവനക്കാരനായിരുന്നു മരണപ്പെട്ടയാള്‍. ആ നിലയില്‍ കാണാതായ തുക അടയ്ക്കേï ബാദ്ധ്യത മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ഇല്ലെന്നാണ് അവര്‍ക്ക് ലഭിച്ച നിയമ ഉപദേശം. തങ്ങള്‍ അറിയാതെ വ്യാജ രേഖകളും ഒപ്പുകളുമിട്ട് ബാങ്കില്‍ നിന്നും എഴുപത് ലക്ഷം രൂപയുടെ വായ്പ എടുത്ത സംഭവത്തില്‍ കോടതിയെ സമീപിക്കാനാണ് മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കള്‍ ആലോചിക്കുന്നത്. ബാങ്കിലെ ഏത് വായ്പകളും അനുവദിക്കുന്നത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്.
അഞ്ച് ലക്ഷം രൂപ വീതം 14 വായ്പകള്‍ അനുവദിച്ചത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്. പ്രമാണത്തിന്റെ യഥാര്‍ത്ഥ അവകാശി എത്താതെ വായ്പ അനുവദിച്ച തുക വീതം വച്ചെടുത്തിട്ടുണ്ടാകുമെന്നും ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് ഈ തുക തിരിച്ചടയ്ക്കേണ്ടി വരുമെന്നുമാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: