തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് സൂചന. ചൊവ്വാഴ്ച ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ നല്കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന വിലയിരുത്തലിലാണ് പ്രതിയാക്കുന്നത്. ഇതിനായുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചനകളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റംസിനൊപ്പം എന്‍ഐഎ ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളും ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്തേക്കും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടു പോയത്. അതിനുശേഷം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേ കാലോടെയാണ് വിട്ടയച്ചത്. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി അടുത്ത ബന്ധം ശിവശങ്കറിനുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇവരുടെ കോള്‍ ലിസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഏപ്രില്‍ മേയ് മാസങ്ങളില്‍ ഇരുപത്തിയഞ്ചോളം തവണ ശിവശങ്കരന് സരിത്തിനെ വിളിച്ചതായും തെളിവുകള്‍ പുറത്തുവന്നു. സന്ദീപിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത് രണ്ട് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്ട്.
അതുകൊണ്ടുതന്നെ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ഇനിയും ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ശിവശങ്കരന്റെ ഫ്ളാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. ഈ ഹോട്ടലില്‍ ശിവശങ്കരനും മറ്റുപ്രതികളും മുറിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും ശിവശങ്കരനെ സര്‍വീസില്‍ നിന്നും സസ്പന്‍ഡ് ചെയ്യാനാകില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സസ്പെന്‍ഡ് ചെയ്യാന്‍ വേണ്ട കാരണങ്ങളൊന്നും ഇപ്പോഴില്ല. നിങ്ങള്‍ പറയുന്നത് പോലെയൊന്നു ചെയ്യാന്‍ ആകില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് ഈ കേസിനെ കാണുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ശിവശങ്കരനെ സംരക്ഷിക്കുന്ന വിധത്തില്‍ നിലപാട് എടുത്തിരിക്കുന്നത്. സ്വപ്നയ്ക്കെതിരെ യുഎപിഎ ചുമത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഭീകര ബന്ധങ്ങള്‍ വരെയുണ്ടായേക്കാം എന്നാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ഇത് കൂടാതെ സ്വപ്നക്ക് വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് ഐടി ഉദ്യോഗസ്ഥന് അറിയിച്ചു. സെക്രട്ടേറിയറ്റിന് അടുത്തെ ഫ്ളാറ്റ് ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ബുക്ക് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന് വെളിപ്പെടുത്തി.
സെക്രട്ടേറിയറ്റിന് സമീപത്തായി ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ളാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകയ്ക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: