കോഴിക്കോട്: എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്സ് പ്രവേശനത്തിനായുള്ള കീം 2020 പ്രവേശന പരീക്ഷ നീട്ടിവയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.
ജൂലൈ 16ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് പരീക്ഷ. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഒരുലക്ഷത്തി പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഏപ്രില്‍ 20, 21 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് 16 ലേക്ക് മാറ്റിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടതുണ്ട്.
ദേശീയ പ്രവേശന പരീക്ഷകള്‍ പോലും മാറ്റിവച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രവേശന പരീക്ഷ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ബന്ധ പ്രകാരമാണെന്നറിയുന്നു. കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ താത്പര്യമനുസരിച്ചാണ് പരീക്ഷാ തീയതികളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താത്തത്.
പ്രവേശന പരീക്ഷ പൂര്‍ത്തിയാക്കി കീമിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പെട്ടെന്ന് തീര്‍ക്കാനാണ് നീക്കം. ദേശീയ തലത്തിലുള്ള ജെഇഇ പരീക്ഷകള്‍ സപ്തംബറിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. കൊവിഡ് സാഹചര്യം ഗുരുതരമായതിനാലാണിത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ അനുബന്ധമായി മാത്രമേ ഇന്ത്യയിലെ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ് കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തീകരിക്കാനാകൂ. ഐഐടികള്‍, എന്ഐഇടി, ഐസറടക്കമുള്ള രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ പ്രവേശനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കീമിന്റെ കീഴിലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സാധാരണയായി പരിഗണിക്കൂ. എന്നാല്‍ ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ സപ്തംബറില്‍ നടക്കുന്നതു കാരണം കീമിന്റെ റാങ്ക് ലിസ്റ്റ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: