ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകുടുംബത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകവും ചരിത്രപരവുമായ വിധി.
ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച കോടതി അതുവരെ, നിലവിലുള്ള ഭരണസമിതി തുടരാനും ഉത്തരവിട്ടു. ക്ഷേത്രക്കണക്കുകള്‍ സുതാര്യമായി നടത്താന്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു.
കോടാനുകോടികളുടെ സ്വത്തുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. സമിതികളിലെ മുഴുവന്‍ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്നും ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യാ ഗവണ്മെന്റുമായി ഉടമ്പടിയില്‍ (കവനന്റ്) ഒപ്പിട്ട രാജാവ് മരണമടഞ്ഞുവെന്നും അതിനാല്‍ ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. ക്ഷേത്ര ഭരണത്തിനും നിയന്ത്രണത്തിനുമുള്ള രാജകുടുംബത്തിന്റെ അവകാശം കവനന്റില്‍ ഒപ്പിട്ടയാള്‍ മരിച്ചതുകൊണ്ട് ഇല്ലാതാകുന്നില്ല. കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും കോടതി വ്യക്തമാക്കി. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ അഞ്ചംഗ ഭരണസമിതിയെ തെരഞ്ഞെടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. നിര്‍ദ്ദേശങ്ങളില്‍ കോടതി വരുത്തിയ ചെറിയ മാറ്റം അംഗീകരിച്ച് രാജകുടുംബം നാലാഴ്ചക്കകം സത്യവാങ്മൂലം നല്‍കണം. അതു ലഭിച്ചാലുടന്‍ സമിതികള്‍ രൂപീകരിക്കും.
ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച് 2011 ജനുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം വിധി അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശദരൂപം പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: