നാദാപുരം: നാദാപുരത്ത് 400 പേരില്‍ നടത്തിയ കോവിഡ് ആന്റിജന്‍ ബോഡി ടെസ്റ്റില്‍ 53 പേരുടെ ഫലം പോസിറ്റീവ് ആയി. ഇതോടെ നാദാപുരം, തൂണേരി മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. പരിശോധനയില്‍ പോസിറ്റീവ് ആയവരെ എഫ്എല്‍ടിസിയിലേക്ക് മാറ്റി. തൂണേരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുളളവരുടെ ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവായത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
രോഗികളുടെ സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കുന്ന സൂചന. ഇന്ന് മുതല്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടയ്ക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരോടും പരിശോധനക്ക് വിധേയരാകാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൂണേരിയില്‍ 67കാരിക്കും 27 കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണ് വ്യാപകപരിശോധന നടത്തിയത്. നാദാപുരത്ത് കോവിഡ് രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പേരോട്ടേ സ്ത്രീ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരും തൂണേ രിയിലെ മരണവീടും സന്ദര്‍ശിച്ചിരുന്നു. മരണവീട്ടിലെത്തിയവരുടെ ഫലമാണ് കൂടുതല്‍ പോസറ്റീവായിട്ടുളളത്. ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ക്ലിനിക്കുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നടത്തി വകുപ്പും പോലീസും പരിശോധന നടത്തി. നാദാപുരം എസ്ഐ സജീഷ്,നാദാപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നാദാപുരം ഗ്രാമപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഇ.കെ. വിജയന് എംഎല്‍എ പങ്കെടുത്തു. 108 ആബുലന്സിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കണമെന്ന ആവിശ്യവും യോഗത്തില്‍ ഉയര്‍ന്നു.
നാദാപുരം ഗ്രാമപഞ്ചായത്തില്‍ രോഗ ബാധ സംശയിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ട് നൂറിലധികം പേരുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 22 പ്രാഥമിക സമ്പര്‍ക്ക പട്ടികയും 58 ദ്വിതീയ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കി. കോവിഡ് സംശയിക്കുന്ന വ്യക്തിയുമായി സമ്പര്‍ക്കമുളള വ്യക്തിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവരുടെ ആദ്യ ഫലം പോസറ്റീവായതിനെ തുടര്‍ന്നാണ് നടപടി. സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍ പലരെയും കണ്ടെത്താന്‍ ഇത് വരെ സാധിച്ചിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: