തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ നിന്ന് പിടിയിലായതിനു പിന്നാലെ ഇവരുമായി ബന്ധമുള്ള തലസ്ഥാനത്തെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാവ് അവധിയെടുത്തു. ശനിയാഴ്ച രാത്രിയാണ് നേതാവ് കണ്ട്രോള് റൂം എസിക്ക് അവധി അപേക്ഷ നല്‍കിയത്. എന്‍ഐഎ ചോദ്യം ചെയ്യുമെന്ന ഭയത്താലാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സന്ദീപിനെയും സ്വപ്നയെയും സംസ്ഥാനം കടക്കാന്‍ സഹായിച്ചത് ഇയാളായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാവ് ആണ്. സന്ദീപിന്റെ കൂടെ ഇയാളും സഞ്ചരിക്കാറുണ്ട്. വാഹന പരിശോധന നടത്തുമ്പോള്‍ ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് പരിശോധനയില്‍ നിന്ന് ഒഴിവാകുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സന്ദീപിന് ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതും ഈ ഇടത് പോലീസ് നേതാവാണ്.
തലസ്ഥാനത്തെ കണ്ട്രോള് റൂമിലാണ് ഇയാള്‍ക്ക് ജോലി എങ്കിലും കൃത്യമായി ഹാജരാകാറില്ല. ഇടത് നേതാവായതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചോദിക്കാറുമില്ല. ഇയാള്‍ ഇടയ്ക്കിടെ മുംബൈയില്‍ പോകാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളനാട് പ്രദേശത്ത് അറിയപ്പെടുന്ന ഇടത് നേതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ ഇടത് ജനപ്രതിനിധിയാണ്.
https://www.janmabhumi.in/read/police-association-leader-helps-swapna-leave-kerala/
പ്രതികരിക്കാൻ ഇവിടെ എഴുതുക: