തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയും രോഗ വ്യാപനം ഉണ്ടാകുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മതം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്. തിരുവനന്തപുരത്തെ പൂന്തുറയിലടക്കം തീരപ്രദേശങ്ങളില്‍ രോഗ വ്യാപനമുണ്ടായത് സര്‍ക്കാരിന്റെ കൃത്യതയോടെയും ശരിയായ സമയത്തുമുള്ള ഇടപെടല്‍ ഇല്ലാതിരുന്നതിനാലാണെന്ന് ജോര്‍ജ് കുര്യന് പ്രസ്താവനയില്‍ പറഞ്ഞു.
പൂന്തുറയില്‍ രോഗ വ്യാപനം രൂക്ഷമായപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അതൊന്നും ഇല്ലാതെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടി.
അന്നന്നുള്ള ജീവിതത്തിന് വഴി കണ്ടെത്തുന്ന വളരെ സാധാരണക്കാരാണി വിടുത്തെ ജനങ്ങള്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി എല്ലാ കടകളും അടപ്പിച്ചതോടെ ആഹാരം കഴിക്കാന്‍ പോലുമില്ലാതെ പ്രതിസന്ധിയിലായി. ഇതോടെയാണ് ജനങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വന്നത്. അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
അവസരം മുതലാക്കി ചില സാമൂഹ്യ വിരുദ്ധര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരെ തടയുന്ന സംഭവം ഉണ്ടായത് അപലപനീയമാണ്.
പൂന്തുറയിലും മറ്റ് തീരദേശ മേഖലയിലും രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. അല്ലാതെ മതം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: