പത്തനംതിട്ട: നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യാപാരികളും ഉള്‍പ്പെട്ടതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ നേതാക്കളടക്കം പ്രമുഖര്‍.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരികളും അടക്കം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പത്തനംതിട്ട നഗരസഭ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണായി. നിയന്ത്രണങ്ങളും കടുപ്പിച്ചു. ഏഴുദിവസത്തേക്കാണ് നിയന്ത്രണം. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ മുതല്‍ പത്തനംതിട്ടയിലേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. പൊതുഗതാഗതം പൂര്‍ണമായി നിലച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോയുടേതടക്കം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. റവന്യു, ആരോഗ്യം വകുപ്പുകളില്‍ അവശ്യസേവനത്തിനുള്ള ഓഫീസുകള്‍ മാത്രമാണ് തുറന്നത്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നു.
കളക്ടറേറ്റില്‍ റവന്യു, ആരോഗ്യം ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. നഗരത്തിലെ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. കെഎസ്ഇബി, ജലഅതോറിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. നഗരസഭയുടെ പ്രവേശനകവാടങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാന പാതകളില്‍ മൈലപ്ര, വാര്യാപുരം, കുമ്പഴ, വെട്ടൂര്‍, സന്തോഷ് മുക്ക്, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് പിക്കറ്റുകള്‍.
അവശ്യ സര്‍വീസുകളൊഴികെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. സ്വകാര്യ ബസുകള്‍ നാമമാത്രമായി നഗരാതിര്‍ത്തിവരെ ഓടി.കെഎസ്ആര്‍ടിസിയുടെ ഇതര ഡിപ്പോകളില്‍ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസുകള്‍ പാതിവഴിയില്‍ വെട്ടിച്ചുരുക്കി. നഗരാതിര്‍ത്തിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്. പത്തനംതിട്ട, കുമ്പഴ മാര്‍ക്കറ്റുകള്‍ പൂര്‍ണമായി അടച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ നഗരത്തിലെ പല കേന്ദ്രങ്ങളിലും ഇന്നലെ രാവിലെ മത്സ്യവ്യാപാരികള്‍ എത്തിയത് പ്രതിഷേധത്തിനിടയാക്കി.
പോലീസ് ഇടപെട്ട് ഇവരുടെ വില്പന നിര്‍ത്തിവയ്പിച്ചു. കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപനത്തേ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ രാവിലെ കടുപ്പിച്ചിരുന്നില്ല. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കടകള്‍ തുറക്കുകയും ചെയ്തെങ്കിലും പിന്നീട് പോലീസ് എത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: