പത്തനംതിട്ട: കുമ്പഴ മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യപാരിക്കും, മത്സ്യ ചില്ലറ വില്‍പ്പനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും സമ്പര്ക്കപ്പട്ടികയില്പെട്ടവരെ പൂര്‍ണമായി കണ്ടെത്താന്‍ വൈകുമെന്നത് ആശങ്ക ഉയര്‍ത്തുന്നു.
പട്ടിക ഏറെ വിപുലമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മത്സ്യമൊത്ത വ്യാപാരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനും കൂടിയായതിനാല്‍ സമ്പര്‍ക്കപട്ടിക വിപുലമാണ്. ഇതില്‍ സിപിഎം ജില്ലാ നേതാക്കളടക്കം ഉള്‍പ്പെടുന്നു. 42 കാരനായ ഇദ്ദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നിനാണ് ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. രണ്ടിനു രാവിലെ കുമ്പഴ മാര്‍ക്കറ്റില്‍ നടന്ന പൊതുപരിശോധനയില്‍ സ്രവം പരിശോധനയ്ക്കെടുത്തിരുന്നു. അന്നുതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.
കോവിഡ് പരിശോധന വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സ്രവം അയച്ചിട്ടുണ്ടെന്ന് അറിയിച്ചതിനാല്‍ മരുന്ന് വാങ്ങി വീട്ടിലേക്കു പോയി. പിന്നീട് ആറിനു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലായി. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇയാള്‍ക്ക് തൊണ്ടവേദന, ശ്വാസം മുട്ടല്‍ എന്നിവ അനുഭവപ്പെടുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
പ്രമേഹം കൂടിയുള്ളതിനാലാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഇദ്ദേഹം കുമ്പഴയില്‍ മത്സ്യ മൊത്തവ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. 20 ജീവനക്കാര്‍ സ്ഥാപനത്തിലുണ്ട്. മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലായതിനാല്‍ സമ്പര്‍ക്കപ്പട്ടിക മുഴുവന്‍ ചോദിച്ചറിയാനായിട്ടില്ല. പ്രാഥമികമായി 21 പേരുടെയും രണ്ടാംഘട്ടത്തില്‍ 14 പേരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങളുള്ളപ്പോള്‍ തന്നെ ഒരു സംസ്കാര ചടങ്ങിലും വീടുമാറ്റത്തിലുമൊക്കെ ഇയാള്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: