ഇരിട്ടി: വിവിധകാരണങ്ങളാല്‍ വരുമാനം നിലച്ച് സാമ്പത്തിക പ്രതിസന്ധിയും തകര്‍ച്ചയും നേരിടുന്ന ആറളം ഫാമിനെ രക്ഷിക്കാന്‍ കാര്‍ഷിക സര്‍വകലാശാലാ ഗെവേഷണ സംഘം ഫാമിലെത്തി. വൈവിധ്യവല്‍ക്കരണത്തിലൂടെ ഫാമിന്റെ വരുമാന വര്‍ദ്ധനവും സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പത്ത് കോടി രൂപയുടെ ആദ്യ പ്രൊജക്ട് സംഘം അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചു. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള പഠനഗവേഷണസംഘവും സംസ്ഥാനത്തെ കാര്‍ഷിക വിദഗ്ധതരും ഉള്‍പ്പെട്ട സംഘമാണ് പദ്ധതി രേഖ തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറളം ഫാമില്‍ ഫാം മാനേജ്മെന്റ് പ്രതിനിധികളുമായി ചേര്‍ന്ന് നടത്തിയ ശില്‍പ്പശാലയിലാണ് ആദ്യഘട്ട പദ്ധതി തയ്യാറാക്കിയത്. കര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം കുറച്ച് കാലമായി ഈ പൊതുമേഖലാ സ്ഥാപനം നിലനില്‍പ്പ് തന്നെ അപകടത്തിലായ അവസ്ഥയിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദമായ പദ്ധതികള്‍ ആവിഷ്കരിച്ച് നല്കാന് സര്‍ക്കാര്‍ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടത്.
സാമ്പത്തിക സ്ഥിതി പാടേ തകര്‍ന്ന ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയുംവേതനവും മറ്റ് ചെലവുകളും കുറച്ച് കാലങ്ങളായി സര്‍ക്കാര്‍ നല്കുന്ന പണം ഉപയോഗിച്ചായിരുന്നു നടത്തി വന്നത് . ഈ രീതിയില്‍ നിന്ന് ഫാമിനെ കരകയറ്റാനല്ല നടപടികളാണ് ഇപ്പോള്‍ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതുമൂലം ഫാമിനെ വരുമാനം വര്‍ദ്ധിപ്പിച്ച് പുഷ്ടിപ്പെടുത്താനാവും എന്നാണ് കരുതുന്നത്.
ഹ്രസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികളാണ് വിദഗ്ത സംഘം ലക്ഷ്യമിടുന്നത്. ഫാമിലെ 3500ലധികം ഏക്കറില്‍ കൃഷി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്ത് തൈ വില്‍പ്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. കൃഷിചെയ്യാതെ കാട് കയറുന്ന ഫാമിന്റെ മുഴുവന്‍ സ്ഥലങ്ങളും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ഈ പ്രവര്‍ത്തനം സുഭിക്ഷകേരളം പദ്ധതിയില്‍ പെടുത്തി ഇതിനകം ഫാമില്‍ ആരംഭിച്ചതായി ഫാം എം ഡി വിമല്‍ഘോഷ് പറഞ്ഞു .
ഇരിട്ടിയില്‍ ഫാം ഉല്‍പ്പന്നങ്ങളും പച്ചക്കറികളും വില്ക്കാന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തില്‍ ഉടന്‍ ഷോറൂം തുടങ്ങും. ആറളം ഫാം ആദിവാസി പുനരധിവാസിമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍ക്കാനും ഇവിടെ സൗകര്യം ഉണ്ടാവും. കാര്‍ഷിക മേഖലയില്‍ നവീന യന്ത്രവല്‍കരണ പദ്ധതി, ഫാമിലെ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ മല്‍സ്യകൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാര്‍ഷിക പ്രവര്‍ത്തനം എന്നിവയും വൈവിധ്യവല്‍കരണ ഭാഗമായി നടപ്പാക്കും. ബോട്ട് സര്‍വീസാരംഭിക്കാനും നിര്‍ദേശമുണ്ട. രണ്ടരക്കോടിയാണ് ഫാം ടൂറിസം പദ്ധതി നടത്തിപ്പിന് ലക്ഷ്യമിടുന്നത്. വിപുലമായ മഴവെള്ള സംഭരണി ആറളം ഫാമില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തേതടക്കം ദക്ഷിണേന്ത്യയില്‍ നിന്ന് മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിന് തൈകള്‍ വില്‍ക്കാനും വിത്തുതേങ്ങ വില്‍പ്പനനടത്തുന്ന പ്രമുഖ കേന്ദ്രമാക്കി ഫാമിനെ മാറ്റാനുള്ള പദ്ധതിയുടെയും മാര്‍ഗരേഖയായി. വിത്ത് തൈ നഴ്സറി ഈ വര്‍ഷം മുതല്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തും. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമില്‍ നടപ്പാക്കും. ഫലഭൂയിഷ്ടമായ ആറളം ഫാമില്‍ വന്‍ കാര്‍ഷിക വികസന പദ്ധതികളാണ് തയ്യാറാവുന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിനല്കുന്നതോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പിന്നാലെ മധ്യകാല, ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വിഞ്ജാന വ്യാപന മേധാവി ജിജു .പി. അലക്സ്, പടന്നക്കാട് കാര്‍ഷിക കോളജ് പ്രഫസര്‍ കെ. എം. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. വിവിധമേഖലകളിലെ പത്തോളം വിദഗ്ധരാണ് വികസനരേഖ തെയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: