തൃശൂര്‍: പതിറ്റാണ്ടുകാലത്തോളം കൂരയില്‍ കിടന്നിരുന്ന കാളിയമ്മയുടെ ജീവിതം കാണുന്നവരുടെ കരളുരുക്കിയെങ്കിലും സര്‍ക്കാരിനേയോ അധികൃതരേയോ കണ്ണുതുറപ്പിച്ചില്ല. പുതുക്കാട് വടക്കേതൊറവിലെ തെക്കൂട്ട് വീട്ടിലെ ഈ വയോധികയുടെ കൂര സേവാഭാരതിയുടെ കരളുരുക്കുകയായിരുന്നു.
സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ മന്ത്രി കാര്യാലയത്തിന്റെ അകലെയല്ലാത്ത വടക്കേ തൊറവെന്ന കൊച്ചുദേശത്ത് ടാര്‍പോളിനും മറ്റുസാമഗ്രികളുമുപയോഗിച്ചു വലിച്ചു കെട്ടിയ കൂരയിലായിരുന്നു പതിറ്റാണ്ടിലേറെയായി കാളിയമ്മയുടെ താമസം. വീടിനായി പുതുക്കാട് പഞ്ചായത്ത് ഓഫീസില്‍ പതിനഞ്ചു വര്‍ഷത്തോളമായി നിരന്തരം കയറിയിറങ്ങി. ഗ്രാമപഞ്ചായത്ത് അധ്യക്ഷ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലാണ് ഇവരുടെ കുടില്‍. എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ തീരുമാനങ്ങളാല്‍ വീട് ലഭിച്ചില്ല. ആശ്രയപദ്ധതിയും ഇവരെ നിരാശ്രയയാക്കി. അവിവാഹിതയായ കാളിയമ്മയുടെ ദുരിത ജീവിതം കണ്ട പുതുക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.
ഗൃഹപ്രവേശ ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് നെ.പ. മുരളി താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ലാ സേവാപ്രമുഖ് വി.യു. ശശി, ഖണ്ഡ് കാര്യവാഹ് എ.വി. ദിനേഷ്, പുതുക്കാട് സേവാഭാരതി പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി മിറാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: