തിരുവനന്തപുരം: യു എ ഇ കോണ്‍സലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സെപ്തംബറിലെ തിരുവനന്തപുരം സന്ദര്‍ശനം സംശയത്തിന്റെ നിഴലില്‍. ആ ചടങ്ങിന്റെ സംഘാടകയായി നിറഞ്ഞു നിന്നത് സ്വപ്നാ സുരേഷായിരുന്നു എന്നതുതന്നെയാണ് പ്രധാനം. സ്പനയക്ക് പിന്നില്‍ ആരായിരുന്നു?.ആഗോള കുറ്റവാളിയും എസ്.എന്‍.സി ലാവലിന്‍ കേസില്‍ ആരോപിതനുമായ ദിലീപ് രാഹുലനിലേയ്ക്കാണ് സംശയം നീളുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച 33 അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. എം എ യുസഫലി ഉള്‍പ്പെടെ പ്രമുഖരായ 28 പ്രവാസികളും ഇ എം നജീബ് ഉള്‍പ്പെടെ അഞ്ച് ബിസിനസ്സുകാരുമായിരുന്നു പട്ടികയില്‍. ആ പട്ടികയിലെ 26-ാം പേരുകാരന് ദിലീപ് രാഹുലനായിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന് കേരളത്തിലെത്തിയത്. ഇതെങ്ങനെ സാധിച്ചു എന്നതാണ് സംശയം ജനിപ്പിക്കുന്നത്.
മുഖ്യമന്ത്രി അറിയാതെയാണോ ഇത് നടന്നത്?. ആരാണ് ഇയാളെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്?. സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മില്‍ എന്താണ് ബന്ധം?. അന്നത്തെ സന്ദര്‍ശനവും സ്വര്ണ്ണക്കടത്തിനായിരുന്നോ? ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും ദിലീപ് രാഹുലന് ബന്ധമുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാനാണ് പ്രധാനമായും ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി എത്തിയത്. മന്ത്രി കെ ടി ജലീലാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മറ്റൊരു രാഷ്ട്രത്തലവന് എത്തുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ പാലിക്കാതെയായിരുന്നു സന്ദര്‍ശം. കേന്ദ്ര സര്‍ക്കാറിനെ ഒഴിവാക്കി മറ്റൊരു രാജ്യവുമായി കേരളം നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന പ്രതീതി പരത്തി.
ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നതായിരുന്നു ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ പ്രധാന പ്രഖ്യാപനം. ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ പദ്ധതികളും സുല്‍ത്താന്‍ പറഞ്ഞു.
കേരളം കൊട്ടിഘോഷിച്ച സന്ദര്‍ശനം കള്ളക്കടത്തിനുള്ള മറയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: