കൊല്ലം: ടൗണ്‍ഹാള്‍ നവീകരണത്തിന്റെ പേരില്‍ വന്‍ക്രമക്കേടെന്ന സൂചന നല്കി വിവരാവകാശരേഖ. 3.30 കോടിയുടെ നവീകരണമാണ് പൂര്‍ത്തിയായതെന്ന് മേയര്‍ അവകാശപ്പെട്ട പ്രവൃത്തിക്ക് കരാര്‍ വെച്ചത് ഒരുകോടി 97 ലക്ഷം രൂപയ്ക്ക്.
ഇത്രയും വലിയ തുകയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ടെണ്ടര്‍ പോലും വിളിക്കാതെയാണ് കരാറുകാരന് കൈമാറിയത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് കോര്പ്പറേഷന് നവീകരണത്തിനുള്ള കരാര്‍ നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയായ ഇനത്തില്‍ കരാറുകാരന് ഇതുവരെ നല്‍കിയത് 62 ലക്ഷം രൂപ മാത്രമാണ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രഖ്യാപിച്ച തുകയും ചെലവഴിച്ച തുകയും തമ്മിലുള്ള പൊരുത്തക്കേട് വെളിച്ചത്താവുന്നത്.
പത്ത് കൊല്ലത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ടൗണ്‍ഹാള്‍ നവീകരണമെന്ന പേരില്‍ പണം ചെലവഴിക്കുന്നത്. 2019 ജൂലൈയില്‍ അന്ന് മേയറായിരുന്ന അഡ്വ: രാജേന്ദ്രബാബു മാധ്യമങ്ങളുടെ മുന്പില് പറഞ്ഞത് 3.30 കോടിയുടെ നവീകരണം നടന്നു എന്നാണ്. അതാണ് ഒരു കോടി 97 ലക്ഷം എന്ന് വിവരാവകാശമനുസരിച്ചുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്.
സീറ്റുമാറ്റം, ഫ്ളോറിങ് ഒരുക്കല്‍, ആധുനിക സൗണ്ട് സിസ്റ്റം, സൈഡ്പാനല്, എല്‍ഇഡി ലൈറ്റുകള്‍, റൂഫിങ് വര്‍ക്കുകള്‍, തൂണുകളും ബീമുകളും ബലപ്പെടുത്തല്‍, വൈദ്യുതീകരണം എന്നിവയാണ് നവീകരണമെന്ന പേരില്‍ ടൗണ്‍ഹാളില്‍ നടന്നതായി പറയുന്നത്.
നവീകരണപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ കെട്ടിടം ചോര്‍ച്ചയുള്ളതായി മനസ്സിലായിരുന്നുവെന്നും പ്രഖ്യാപിച്ച 3.30 കോടിയിലധികം ചെലവാക്കേണ്ടി വന്നേക്കുമെന്നുമുള്ള ഊഹാപോഹങ്ങള്‍ ഭരണകക്ഷിയിലുള്ളവര്‍ തന്നെ അന്നേ പ്രചരിപ്പിച്ചിരുന്നു. ഫലത്തില്‍ ജനങ്ങളുടെ മുന്നില്‍ അധികം പറഞ്ഞ ഒരു കോടിയിലധികം വരുന്ന തുകയുടെ പ്രവൃത്തി എവിടെ നടന്നുവെന്ന അന്വേഷണമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: