ന്യൂദല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ട് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കെ.പി ഒലിയെ രാജിവയ്പ്പിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാനായ ബാംദേവ് ഗൗതമിനെ പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി നേതാക്കളുടെ ശ്രമം.
കാഠ്മണ്ഡുവിലെ ബലുവാതറിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ച നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മറ്റി യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നത്. ഇന്ത്യക്കെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ) തള്ളിക്കളഞ്ഞു. അയല്‍രാജ്യവുമായുള്ള ബന്ധത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവന നശിപ്പിക്കുമെന്ന് പ്രചണ്ഡ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ എംബസിയും നേപ്പാളിലെ ചില രാഷ്ട്രീയ നേതാക്കളും തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പ്രധാനമന്ത്രി ഒലിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രചണ്ഡയ്ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മാധവ് കുമാര്‍ നേപ്പാള്‍, ഝലാനാഥ് ഖനല്‍, പാര്‍ട്ടി വൈസ് ചെയര്മാന് ബാംദേവ് ഗൗതം, പാര്‍ട്ടി വക്താവ് നാരായണ്‍കാജി ശ്രേഷ്ട എന്നിവരും കെ.പി ഒലിക്കെതിരായി അണിനിരന്നതോടെ ഒലി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
മുതിര്‍ന്ന നേതാവ് ബാംദേവ് ഗൗതമിനെ പ്രധാനമന്ത്രിയാക്കാമെന്ന് നേരത്തെ കെ.പി ഒലി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഈ വാക്ക് പാലിക്കാതെ വന്നതും പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് പിന്നിലുണ്ടെന്നാണ് കാഠ്മണ്ഡുവിലെ മാധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഏപ്രിലിലും ഒലിയോട് രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ദേശീയ വികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് നേപ്പാളില്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതോടെ ജനങ്ങളുടെ ഇന്ത്യാ അനുകൂല മനോഭാവം ശക്തമാവുകയും ഒലി സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിന് പിന്നാലെ ചൈന നേപ്പാള്‍ ഗ്രാമങ്ങള്‍ കൈയേറിയ വാര്‍ത്തയും പുറത്തുവന്നു.
നയതന്ത്ര വിരുദ്ധവും രാഷ്ട്രീയ വിരുദ്ധവുമായ പ്രസ്താവനകളാണ് നേപ്പാള്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി നടത്തുന്നതെന്ന് യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം പൂര്‍ണ്ണമായും കെ.പി ഒലി തകര്‍ത്തു. പാര്‍ട്ടി ചെയര്മാന് സ്ഥാനമോ പ്രധാനമന്ത്രി പദവിയോ ഒലി രാജിവെയ്ക്കണം. ഒരാള്‍ക്ക് ഒരു പദവി എന്നത് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപ്പാക്കണം, പ്രചണ്ഡയെ അനുകൂലിക്കുന്ന നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഒലി യാതൊന്നും തന്നെ യോഗത്തില്‍ സംസാരിച്ചില്ലെന്നാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: