കണ്ണൂര്‍: ചെറുകുന്ന് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് ദ്വീപില്‍ തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു. ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും മാടങ്ങളിലും കോട്ടങ്ങളിലും പതികളിലും വീടുകളിലും അനുഷ്ഠാന പൂര്‍വ്വം തെയ്യം കെട്ടിയാടപ്പെടുന്ന ആചാര്യ സ്ഥാനികരുടെയും കഴകക്കാരുടെയും മലയന്‍, വണ്ണാന്‍, വേലന്‍, പുലയന്, മാവിലന്, നല്‍ക്കത്തായ തുടങ്ങിയ സമുദായങ്ങളിലെ കോലധാരികളുടെയും സാധനയും നിഷ്കര്‍ഷയും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ച് മുറതെറ്റാതെയുള്ള ആരാധനാ രിതിയാണ് തെയ്യം. ഇത് ടൂറിസത്തിന്റെ പേരില്‍ വേദിയില്‍ അവതരിപ്പിക്കാനുളള നീക്കം അനുവദിക്കില്ല. തെയ്യങ്ങളുമായി ബന്ധപ്പെട്ട ദൈവീകമായ വിശ്വാസം ഇല്ലാതാക്കാനുളള ശ്രമമാണ് ഇതിന് പിന്നിലുളളത്.
കോവിഡ്- 19 എന്ന മഹാമാരി കാരണം തെയ്യാട്ടങ്ങള്‍ നടക്കാത്തതിനാല്‍ ആറു മാസക്കാലമായി ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ മറ്റൊരു ജീവിതമാര്‍ഗ്ഗം കണ്ടെത്താനാകാതെ കോലധാരികള്‍ വിഷമിച്ചിരിക്കുകയാണ്. തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡു കൂടി യാഥാര്‍ത്ഥ്യമായാല്‍ ഇവരുടെ ജീവിതം അതീവ ദുഷ്ക്കരമാകും. കൃത്യമായ ആചാര അനുഷ്ഠാനത്തോടെ കെട്ടിയാടുന്ന തെയ്യക്കോലത്തെ വല്ലപ്പോഴും വരുന്ന വിദേശികള്‍ക്ക് മുന്പില് കെട്ടിയാടാനുള്ള പേക്കോലമാക്കി മാറ്റുവാനുള്ള നീക്കം അനുവദിക്കില്ല.
തെയ്യത്തെ കേവലം സാമ്പത്തികം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്നവര്‍ക്ക് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വില അറിയുകയില്ലെന്നും കേരള ക്ഷേത്ര സമന്വയ സമതി കുറ്റപ്പെടുത്തി. വിശ്വാസികള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി. സുധിര്‍ ബാബു അഴിക്കോടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിഗ് സെക്രട്ടറി രത്നകരന്‍ പി.ടി. കണ്ണാടിപ്പറമ്പ് സംസാരിച്ചു. പ്രേമരാജന്‍ ചേലേരി, നവീന്‍ തലശ്ശേരി, വിവേക് കടമ്പേരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: