ആലപ്പുഴ: ജില്ലയില്‍ ഉറവിടം അറിയാത്ത കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഗര്ഭിണികള്ക്കടക്കം ഉറവിടമറിയാതെ രോഗം ബാധിച്ചതിനാല്‍ കടുത്ത നിയന്ത്രണത്തിലേക്ക് ജില്ല നീങ്ങുകയാണ്.
കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ വ്യാപാരിയുടെ ബന്ധുവായ എട്ടു വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ പിഡബ്ള്യൂഡി ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് തന്നെ ആദ്യമാണ് ഒരു കുടുംബത്തിലെ ഇത്രയും പേര്‍ക്ക് രോഗം പിടിപെടുന്നത്. വ്യാപാരി ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. വ്യാപാരിയുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
കായംകുളം ചന്തയില്‍നിന്നു മീന്‍ വാങ്ങി കുറത്തികാട് പ്രദേശത്തു വില്പന നടത്തുന്നയാള്‍ക്കും ഭാര്യയ്ക്കും, മരുമകനും രോഗം ബാധിച്ചിരുന്നു. മത്സ്യവില്പ്പനക്കാരനുമായി കൂടുതല്‍ ആളുകള്‍ സമ്പര്ക്കത്തിലേര്പ്പെട്ടിട്ടുള്ളതിനാല് ആശങ്ക വര്‍ദ്ധിക്കുകയാണ്. മത്സ്യവ്യാപാരിക്ക് ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നതാണ് ശ്രദ്ധേയം. ഇതോടെ കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാന്‍ നഗരസഭാ പരിധിയില്‍ പരിശോധന എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി. നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 15 പേര് നിരീക്ഷണത്തിലാണ്. പള്ളിത്തോട് തീരമേഖലയില്‍ രോഗം പടരുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
ആറാട്ടുപുഴ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്ത ആളാണ്. ഇദ്ദേഹത്തിന് ഹാര്‍ബറിലും തീരപ്രദേശങ്ങളിലും നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിലും, ഹാര്‍ബറുകളിലും, മാര്‍ക്കറ്റുകളിലും കനത്ത ജാഗ്രതയ്ക്കാണ് നിര്‍ദ്ദേശം. സമൂഹവ്യാപന സാദ്ധ്യതകളാണ് ഇവിടങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: