തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ജനങ്ങളെ കൊള്ളയടിച്ച് കരാര്‍ കമ്പനി കോടികള്‍ കൊയ്യുന്നു. ടോള്‍ പിരിവിന്റെ കാലാവധി ഇനിയും 10 വര്‍ഷം കൂടി ബാക്കി നില്‍ക്കേ കമ്പനിക്ക് ഇതിനകം മുടക്കു മുതലിനേക്കാള്‍ അധികം തിരിച്ചുകിട്ടി. ദേശീയപാത നിര്‍മ്മാണത്തിനായി ചെലവഴിച്ച തുകയും ലാഭവും ജനങ്ങളില്‍ നിന്നു പിരിച്ചെടുത്തിട്ടും ടോള്‍ നിരക്കുകളില്‍ കുറവു വരുത്താതെ കമ്പനി അധികൃതര്‍ വന്‍തട്ടിപ്പ് തുടരുകയാണ്.
നിര്‍മാണ ചെലവിനേക്കാള്‍ 80 കോടിയിലധികം രൂപ കമ്പനി ഇതിനകം പിരിച്ചെടുത്തു കഴിഞ്ഞു. കരാര്‍ പ്രകാരം ഇനിയും എട്ട് വര്‍ഷം കൂടി കമ്പനിക്ക് ടോള്‍ പിരിക്കാന്‍ അനുമതിയുണ്ട്. നിലവിലെ രീതിയില്‍ ടോള്‍ പിരിവ് തുടര്‍ന്നാല്‍ 1,200 കോടിയോളം രൂപ കമ്പനിക്ക് ഇനിയും പിരിച്ചെടുക്കാനാകും. മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ചെലവായത് 721.17 കോടി രൂപയാണ്. എന്നാല്‍ 2020 മെയ് വരെ ടോളായി 800.31 കോടി രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. എട്ട് വര്‍ഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോള്‍ കൊടുത്ത് കടന്നുപോയതെന്നാണ് കണക്കുകള്‍. നിര്‍മ്മാണ ചെലവിന്റെ 97 ശതമാനത്തോളം കിട്ടിയിട്ടും ടോള്‍ പിരിവ് 2028 വരെ തുടരുകയാണെങ്കില്‍ ചെലവിന്റെ പത്തിരട്ടി വരെ കരാര്‍ കമ്പനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.
ദേശീയപാതയുടെ നിര്‍മാണ ചെലവിന് ആനുപാതികമായി ടോള്‍ പിരിവ് ലഭിച്ചാല്‍ ടോള്‍ ഫീസില്‍ കുറവ് വരുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതുവരെ ഈ ചട്ടം പ്രാവര്‍ത്തികമാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. പൊതുഫണ്ട് ആണെങ്കില്‍ മൂലധനം ലഭിച്ചു കഴിഞ്ഞാല്‍ ടോള്‍ നിരക്ക് കുറയ്ക്കാന്‍ നിയമപ്രകാരം കമ്പനി ബാധ്യസ്ഥരാണ്. തൃശൂര്‍-അങ്കമാലി-ഇടപ്പള്ളി ദേശീയപാത നിര്‍മ്മാണം ബിഒടി അടിസ്ഥാനത്തിലാണെങ്കിലും ഇതില്‍ അങ്കമാലി-ഇടപ്പിള്ളി ഭാഗം ഒഎംടി രീതിയിലാണ്. 25.3 കി.മീ. ദൂരമുള്ള നാലുവരിപാത നിര്‍മ്മിച്ചത് ദേശീയപാത വകുപ്പാണ്. നടത്തിപ്പും അറ്റകുറ്റപ്പണിയും മാത്രമാണ് കരാര്‍ കമ്പനി ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ ഇത്രയും ദൂരത്തെ ടോള്‍ 40 ശതമാനമായി ചുരുക്കണമെന്നാണ് ചട്ടം. പതിനേഴര രൂപ ടോള്‍ കുറയ്ക്കാന്‍ ചട്ടപ്രകാരം കഴിയുമെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ടോള്‍ തുടങ്ങിയ കാലത്ത് ദിവസേന 10,000 വാഹനങ്ങളായിരുന്നു ദേശീയപാതയിലൂടെ കടന്നു പോയിരുന്നത്. എന്നാലിപ്പോള്‍ 40,000ഓളം വാഹനങ്ങള്‍. പ്രതിദിന വരുമാനം 36 ലക്ഷം രൂപ. 721.21 കോടി മുടക്കി നിര്‍മിച്ച റോഡിനായി നിര്‍ദ്ദേശിച്ച കാലാവധി വരെ ടോള്‍ പിരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് കമ്പനി ഈടാക്കുക ഏകദേശം 2,000 കോടിയോളം രൂപയാണ്. 2028 ജൂണ്‍ 21 വരെയാണ് കമ്പനിക്ക് ടോള്‍ പിരിവിന് അനുമതിയുള്ളത്. ടോള്‍ കമ്പനിക്ക് മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചുകിട്ടിയ സ്ഥിതിക്ക് കരാര്‍ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം. തീരുമാനം ഉടനെ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: