തൊടുപുഴ: തൊടുപുഴ നഗരത്തില്‍ രണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍ കുത്തി തുറന്ന് മോഷണ ശ്രമം. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ പുളിമൂട്ടില്‍ ഷോപ്പിങ് ആര്ക്കോഡില് പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലും സമീപത്തെ പി.ആര്. മെഡിക്കല്‍സിലുമാണ് മോഷണ ശ്രമം നടന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കള്ളന് കയറിയത്. നീതി മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന പണവും മരുന്നുമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാര്യമായൊന്നും നഷ്ടപ്പെടാത്തതിനാല്‍ പി.ആര്. മെഡിക്കല്സുടമ പരാതിയില്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല.
ഇന്നലെ രാവിലെ എട്ടരയോടെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് കുത്തിപ്പൊളിച്ചത് കണ്ടത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മരുന്നുകള്‍ തട്ടിമറിച്ചിട്ടുണ്ടായിരുന്നു. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് അടുത്ത മുറിയിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വാതിലുണ്ടായിരുന്നെങ്കിലും കള്ളന് അവിടേക്ക് കയറിയിട്ടില്ല.
അഡീഷണല്‍ എസ്.ഐ. എ.ആര്. കൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് സംഘവും മെഡിക്കല്‍ സ്റ്റോറില്‍ പരിശോധന നടത്തി. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വെങ്ങല്ലൂരിലെ തട്ടുകടയില്‍ കള്ളന് കയറിയിരുന്നു.
ലോക്ക് ഡൗണിന് മുമ്പ് വെങ്ങല്ലൂരിലെ മൂന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ കള്ളന് കയറിയിരുന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിന് പിന്നില്‍ മയക്കുമരുന്നുകള്‍ ലക്ഷ്യവെച്ചാണെന്നാണ് ലഭിക്കുന്ന സൂചന. അതേ സമയം കൊറോണ കാലത്തും മോഷണം പെരുകുന്നത് വ്യാപാരികളെ ഭീതിയിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: