അടിമാലി: ഹണിട്രാപ്പ് മോഡലില്‍ അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി 1,30,000 രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകനും യുവതിയുമുള്‍പ്പെടെ 4 പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
അടിമാലി കത്തിപ്പാറ സ്വദേശിനിയായ ലതാദേവി(32), അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളില്‍ ബെന്നി മാത്യു(56), അടിമാലി പടികപ്പ് ചവറ്റുകുഴിയില്‍ ഷൈജന്‍(43), വിളിക്കുന്ന തട്ടായത്ത് വീട്ടില്‍ ഷമീര്‍(മുഹമ്മദ്-38) എന്നിവരാണ് പിടിയിലായത്.
തട്ടിപ്പ് സംഘം പണം തട്ടിയത് കൂടാതെ ഒപ്പിട്ട ചെക്കുകകളും മുദ്രപേപ്പറും കൈക്കലാക്കിയതായും പരാതിയുണ്ട്. പോലീസ് നല്കുന്ന വിവരമിങ്ങനെ: കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയില്‍ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയില്‍ ആദ്യം വ്യാപാരിയെ സമീപിച്ചത്. തുടര്‍ന്ന് റിട്ട. ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പരാതിക്കാരന്റെ ഫോണില്‍ വിളിക്കുകയും ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ കേസുകൊടുക്കുമെന്നും അതൊഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ അഡ്വ. ബെന്നി മാത്യുവിന്റെ പക്കല്‍ പണമേല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പ്രകാരം വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസില്‍ എത്തിച്ചതായും പണം കൈപ്പറ്റിയതിനൊപ്പം ബെന്നിമാത്യു ഒരു ലക്ഷത്തിന്റെയും ഒന്നരലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ പരാതിക്കാരനില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയതായും പോലീസ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കേസിലെ നാലാംപ്രതിയായ ഷമീര്‍ പരാതിക്കാരനെ വാഹനത്തില്‍ കയറ്റികൊണ്ടുപോയി 5 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏല്‍പ്പിച്ചു. ഇത് കൂടാതെ കേസിലെ മൂന്നാംപ്രതിയായ ഷൈജന്‍ ഭീഷണിപ്പെടുത്തി 60,000 രൂപയും തട്ടിയെടുത്തു.
കൂടുതല്‍ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയതെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ വ്യക്തത വ്യക്തത വരികയുള്ളുവെന്ന് അടിമാലി സിഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.സമാന രീതിയില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: