കോഴിക്കോട് : കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ചുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാകും. സിപിഎം മറ്റുപാര്‍ട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്നും മുനീര്‍ പ്രതികരിച്ചു.
ജോസ് കെ. വിഭാഗം യുഡിഎഫില്‍ ഇല്ലെങ്കില്‍ അവര്‍ ദുര്‍ബലമാകും. സ്വാധീനമുള്ള കക്ഷിയാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലൂടെ പ്രതികരിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് ഇതിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സിപിഎമ്മിനൊപ്പം കൂടിയാല്‍ ഏത് പാര്‍ട്ടിയേയും അവര്‍ മതേതര ജനാധിപത്യമൂല്യമുള്ളവരായി വാഴ്ത്തും. സിപിഎമ്മെന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാകും. യുഡിഎഫില്‍ നില്ക്കുകയാണെങ്കില് മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരും തൊട്ടുകൂടാന്‍ പറ്റാത്തവരുമാണ്.
ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പോലും മാണിക്കില്ലെന്ന് പറഞ്ഞവരാണ്. സിപിഎം പക്ഷത്തേയ്ക്ക് നീങ്ങിയാല്‍ അവര്‍ ജോസ് കെ. മാണി വിഭാഗത്തെ വിശുദ്ധരാക്കുമെന്നും മുനീര്‍ വിമര്‍ശിച്ചു. അതുകൊണ്ടുതന്നെ സിപിഎം മറ്റു പാര്‍ട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിലകല്‍പ്പിക്കുന്നില്ല. സിപിഎമ്മിന്റെ സംശുദ്ധ രാഷ്ട്രീയത്തിന്റെ നിര്‍വചനം അനുസരിച്ച് നിലപാടെടുക്കാന്‍ യുഡിഎഫിനെ കിട്ടില്ല. കേരളകോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമെങ്കില്‍ അത് ജോസ് കെ. മാണി വിഭാഗം തന്നെ മുന്‍കൈ എടുക്കേണ്ടി വരുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: