കോഴിക്കോട്: നിശ്ശബ്ദമായി, നിരന്തരം അവര്‍ സേവന പ്രവര്‍ത്തനത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങിയിപ്പോള്‍ റെയില്‍വേയ്ക്ക് സഹായവുമായി എത്തിയതാണ് സേവാഭാരതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമില്‍ യാത്രക്കാരുടെ തെര്‍മല്‍ സ്ക്രീനിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം. റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ചതാണ് സേവാഭാരതിയുടെ സന്നദ്ധ സേവനം. സേവനം ഒരു മാസം കൂടി തുടരണമെന്ന് റെയില്‍വേ അധികൃതര്‍ സേവാഭാരതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ വകുപ്പിന്റെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറാണുള്ളത്. റെയില്‍വെ സ്റ്റേഷനിലെ കോവിഡ് നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് യാത്രക്കാര്‍ക്ക് വിശദീകരിക്കാനും തെര്‍മല്‍ സ്ക്രീനിംഗ് നടത്താനുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായമുള്ളത്. ദിവസവും ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇരുപത്തിനാല് മണിക്കൂര്‍ സമയക്രമീകരണമനുസരിച്ച് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായത്തിനും ഇവരെത്തുന്നു. ”റെയില്‍വേക്ക് സേവാഭാരതിയുടെ പ്രവര്‍ത്തനം ഏറെ വിലപ്പെട്ടതാണ്”. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. കൃഷ്ണകുമാര്‍ പറഞ്ഞു. ‘സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറുന്നതിന് മുമ്പുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായം ആവശ്യമാണ്. സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളെകുറിച്ചും പുറത്തിറങ്ങാനുള്ള ക്രമീകരണങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കുന്നത് സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. രാപ്പകലില്ലാതെ ഇവരുടെ സേവനം ലഭിക്കുന്നത് സന്തോഷകരമാണ്’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: