ദോഹ: കൊറോണ വൈറസ് പോരാട്ടത്തില്‍ പശ്ചിമേഷ്യ നിര്‍ണായക ഘട്ടത്തിലേക്കടുക്കുന്നുവെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. പ്രദേശത്ത് സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ പശ്ചിമേഷ്യ തലവന്‍ അഹമ്മദ് അല്‍ മന്താരി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം മൊറോക്കോ മുതല്‍ പാക്കിസ്ഥാന് വരെയുള്ള 22 രാജ്യങ്ങളില്‍ 10.77 ലക്ഷം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി, 24,973 പേര് മരിച്ചു.
വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത് മേഖലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തുടങ്ങി നാല് മാസത്തിനിടെ കൊറോണ കണ്ടെത്തിയവരേക്കാളധികം രോഗികളാണ് ജൂണില്‍ മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ ഇളവും പരിശോധന വര്‍ധിപ്പിച്ചതും പ്രശ്നബാധിത രാജ്യങ്ങളിലെ ദുര്‍ബല ആരോഗ്യ സംവിധാനവുമാണ് രോഗികളുടെ എണ്ണം ഇത്രവേഗം ഉയരാന്‍ കാരണമെന്നും അഹമ്മദ് അല്‍ മന്താരി പറഞ്ഞു.
പശ്ചിമേഷ്യയിലെ ആകെ മരണത്തിന്റെ എണ്‍പത് ശതമാനവും സൗദി അറേബ്യ, ഈജിപ്ത്, ഇറാന്, ഇറാഖ്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളിലാണ്. ഇനിയുള്ള ദിവസങ്ങള്‍ ഇവിടത്തെ കൊറോണ പോരാട്ടത്തില്‍ ഏറെ നിര്‍ണായകമാകുമെന്നും അദ്ദേഹം അറിയിച്ചു.
1.92 ലക്ഷം പുതിയ രോഗികള്‍
ലോകത്ത് 24 മണിക്കൂറിനിടെ കൊറോണ ബാധ സ്ഥിരീകരിച്ചത് 1.92 ലക്ഷം പേര്‍ക്ക്. ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന വൈറസ് വ്യാപന നിരക്കാണിത്. ആകെ രോഗികള്‍ 1.08 കോടിയായി. മരണ സംഖ്യ 5.2 ലക്ഷത്തിലേക്കടുക്കുന്നു. 4847 പേര് കൂടി ഇന്നലെ മരിച്ചു. 6,048,804 പേര് രോഗമുക്തരായി.
ബ്രസീലില്‍ ഇന്നലെയും മരണം ആയിരം കടന്നു
വൈറസ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ ഇന്നലെയും ആയിരത്തിലധികം പേര് മരിച്ചു. ആകെ മരണം അറുപതിനായിരം കവിഞ്ഞു. 44,884 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ ആകെ രോഗികള്‍ 14.53 ലക്ഷമായി. 8,26,866 പേര് ബ്രസീലില്‍ രോഗമുക്തരായി.’
യുഎസില്‍ 24 മണിക്കൂറിനിടെ 50,000 ബാധിതര്‍
ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത യുഎസില്‍ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 51,097 പേര്‍ക്ക്. ഒറ്റ ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപന നിരക്കാണിത്. ഇതോടെ അമേരിക്കയില്‍ ആകെ വൈറസ് ബാധിതര്‍ 27.8 ലക്ഷമായി. 678 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 1,30,798 ആയി.
യുഎസ് സൈന്യത്തിലെ രോഗബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കിടെ ഇരട്ടിയിലധികം ഉയര്‍ന്നു. ജൂണ്‍ പത്തിന് 2807 പേര് ബാധിതരായിരുന്ന സൈന്യത്തില്‍ ഇന്നലയോടെ രോഗികള്‍ 6493 ആയി.
വൈറസ് വ്യാപനം ഉയര്‍ന്നതോടെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു. ബാറുകള്‍, റെസ്റ്ററന്റുകള്‍, തീയറ്ററുകള്‍ എന്നിവ ഉടന്‍ അടയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. സംസ്ഥാനത്തോടടുത്ത 19 കൗണ്ടികള്‍ക്കും ഇത് ബാധകമാണ്. ന്യൂയോര്‍ക്കിലെ റെസ്റ്ററന്റുകള്‍ തുറക്കുന്നതും നീട്ടി.
ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രി രാജിവച്ചു
കൊറോണ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പലവട്ടം വീഴ്ച വരുത്തിയ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. സ്വന്തം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുടുംബത്തെ ബീച്ചില്‍ കൊണ്ടുപോയതടക്കം നിരവധി പിഴവുകള്ക്കൊടുവിലാണ് ഡേവിഡ് ക്ലാര്‍ക്കിന്റെ രാജി.
കൊറോണ പ്രതിസന്ധിക്കിടെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് കാട്ടി പ്രധാനമന്ത്രി ജെസിന്‍ഡ ആര്ഡന് അദ്ദേഹത്തിന്റെ രാജി മുന്‍പ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍, രാജ്യം വൈറസ് മുക്തമെന്ന് പ്രഖ്യാപിച്ച് തൊട്ടടുത്ത ആഴ്ച അതിര്‍ത്തിയില്‍ പരിശോധനാക്രമങ്ങളില് വീഴ്ചയുണ്ടായി ന്യൂസിലന്‍ഡിലേക്ക് രോഗബാധിതര്‍ എത്തിയപ്പോള്‍ ഡേവിഡ് ക്ലാര്‍ക്കിനെതിരെ വീണ്ടും വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെ ജെസിന്‍ഡ രാജി സ്വീകരിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ വ്യതിചലിച്ചതായി സ്വയം ബോധ്യപ്പെട്ടതുകൊണ്ടാണ് രാജി എന്ന് ക്ലാര്‍ക്ക് പിന്നീട് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: