കുറ്റ്യാടി: പാതിരപ്പറ്റയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനിടയില്‍ നടത്തിയ ഉഗ്രസ്ഫോടനത്തില്‍ പരിസരത്തെ ഒമ്പത് വീടുകള്‍ക്ക് ഗുരുതര നാശനഷ്ടം. പാതിരപറ്റയിലെ കാപ്പുമ്മലില്‍ പുതുതായി വാങ്ങിയ നീരളംപാറയിലാണ് പ്രദേശത്തെ പ്രമുഖ കോഴിക്കച്ചവടക്കാരനായ വ്യക്തി കരിങ്കല്‍ ഖനനം നടത്തിയത്. പരിസരത്ത് താമസിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും വീടുകളുടെ സുരക്ഷ പരിഗണിക്കാതെയുമാണ് പാറ പൊട്ടിച്ചെതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഉഗ്രപ്രഹര ശേഷിയുള്ള സഫോടക മരുന്ന് ഉപയോഗിച്ച് ഇലക്ട്രിക് സംവിധാനത്തിലൂടെയാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ആഘാതത്തിലാണ് ഇത്രയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. പാറച്ചാലില്‍ മാത്യുവിന്റെ വീടിന്റെ തറയുടെ കല്ലും മേല്‍ക്കൂരയും ഇളകിയ നിലയിലാണ്. പാറയുടെ തൊട്ടടുത്തുള്ള വീടാണിത്.
സ്ഫോടനം നടക്കുമ്പോള്‍ വീടിനകത്ത് ഉണ്ടായിരുന്ന മാത്യു മുറ്റത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വി.കെ.രാജന്. വി.കെ. ചന്ദ്രന്, കാപ്പുമ്മല്‍ രാജന് എന്നിവരുടെ ഇരുനില വീടുകളുടെ ചുമരും വാര്‍പ്പും പൊട്ടിച്ചിതറിയിരിക്കുകയാണ്. വിധവയായ വി.കെ. ലീലയുടെ വീടിന്റെ മുന്‍ഭാഗത്തെ ചുമരും കിടപ്പുമുറിയിലെ മേല്‍ക്കൂരയും പൊട്ടിയിട്ടുണ്ട്. കാപ്പുമ്മല്‍ രാജേഷിന്റെ പുതിയ വീടിനും വലിയ തോതില്‍ വിള്ളല്‍ സംഭവിച്ചു. കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി കേസെടുത്തു.
ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
കുറ്റ്യാടി: പാതിരപ്പറ്റയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനിടയില്‍ നടത്തിയ ഉഗ്രസ്ഫോടനത്തില്‍ കേടുപാട് സംഭവിച്ച ഒമ്പത് വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. വന്‍ വെടിമരുന്നുകള്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തിയ സ്ഥലമുടമയെ അറസ്റ്റു ചെയ്യണമെന്നു ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാന സമിതിയംഗം എം.പി. രാജന്. രാധാകൃഷ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പറമ്പത്ത് കുമാരന്, വി.പി.ഷാജു, കെ.സി.ബാബു, രൂപേഷ്, പ്രദീപന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: