തൊടുപുഴ: വെങ്ങല്ലൂരില്‍ വില്‍പ്പനയ്ക്കെത്തിച്ച 800 കിലോ പഴകിയ മീന്‍ പിടികൂടി. കൊച്ചിയില്‍ നിന്ന് തൊടുപുഴയിലെ കടകളില്‍ വില്‍പ്പനയ്ക്കെത്തിച്ച കറുത്ത ആവോലി, വറ്റ എന്നീ മീനുകളാണ് പിടികൂടിയത്.
സംസ്ഥാനത്ത് പഴകിയ മല്‍സ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന് സാഗര്‍ റാണി നിലച്ചതോടെ പലയിടങ്ങളിലും വില്‍പ്പനയ്ക്കെത്തുന്നത് പഴകിയ മത്സ്യം. ചൊവ്വാഴ്ച രാത്രിയാണ് വാഹനം പിടിച്ചെടുത്തത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിക്കപ്പ് വാനില്‍ കൊണ്ടുവന്ന ചീഞ്ഞ മത്സ്യം കണ്ടെത്തി. പിന്നാലെ ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മീന്‍ ഭക്ഷ്യയോഗ്യമല്ലെന്നും മാസങ്ങള്‍ പഴക്കമുള്ളതാണെന്നും വ്യക്തമായി. മത്സ്യം കേടുകൂടാതിരിക്കാനുള്ള യാതൊരു മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യം കോലാനിയിലെ തെങ്ങിന്തോപ്പില് കുഴിച്ചുമൂടി.
തുടര്‍ന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം വെങ്ങല്ലൂര്‍, മണക്കാട്, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കടകളില്‍ നിന്നായി 15 കിലോയോളം പഴകിയ മത്സ്യം പിടികൂടി. തൊടു
പുഴ ഫുഡ്സേഫ്റ്റി ഓഫീസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഫുഡ്സേഫ്റ്റി ഓഫീസര്‍ സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേ സമയം തൊടുപുഴ മേഖലയില്‍ പഴകിയ മല്‍സ്യം വ്യാപകമായി വിറ്റഴിക്കുന്നതായും പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തേക്ക് പഴകിയ മത്സ്യം വ്യാപകമായ തോതില്‍ എത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നു ടണ്‍ കണക്കിനു പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുകയും ചെയ്തതോടെ ആന്ധ്രപ്രദേശ്, തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍കണക്കിനു മത്സ്യമാണ് ഇവിടേക്ക് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: