കൊട്ടാരക്കര: കസ്തൂര്‍ബ ഏംഗല്‍സിന്റെ എ പ്ലസ് ഗ്രേഡിന് താരത്തിളക്കം. മലയാള സിനിമയില്‍ മിന്നിത്തിളങ്ങുന്നതിനിടയിലായിരുന്നു പഠനം. പാട്ടും സിനിമയുമൊക്കെയായി കസ്തൂര്‍ബ തിളങ്ങിയപ്പോള്‍ പ്രോത്സാഹനവുമായി ചാത്തന്നൂര്‍ ഗവ. എച്ച്എസ്എസിലെ അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകൂടിയായ ഈ സിനിമാക്കാരി പത്താംക്ലാസ് പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ സ്കൂളിനും അത് അഭിമാനമായി.
സിദ്ധാര്‍ഥശിവ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന് ചിത്രമായ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെയാണ് കസ്തൂര്‍ബ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് സംവിധാനം ചെയ്ത ‘സ്വര്‍ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിലെ പ്രധാനവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പന്ത്, സ്പര്‍ശം എന്നിവയ്ക്കുശേഷം ബിജുമേനോനൊപ്പം മറ്റൊരു പടത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.
സംസ്ഥാന കലോത്സവങ്ങളിലടക്കം കസ്തൂര്‍ബ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. കലോത്സവങ്ങളുടെ ഗ്രേസ് മാര്‍ക്ക് പരിഗണിക്കാതെതന്നെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ സന്തോഷത്തിലാണ് ഈ സിനിമാക്കാരി. ചെമ്പരത്തി ക്രിയേഷന്‍സ് എന്ന നാടന്‍പാട്ട് സംഘം നടത്തിവരുന്ന ചാത്തന്നൂര്‍ ഇടനാട് ലെനിന് സദനത്തില്‍ സി.വി. എംഗല്‍സിന്റെയും ഷീബ എംഗല്‍സിന്റെയും മകളാണ് കസ്തൂര്‍ബ. അച്ഛന്റെ നാടന്‍പാട്ട് ട്രൂപ്പിലെ പ്രധാനഗായികയുമാണ് കസ്തൂര്‍ബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: