തിരുവനന്തപുരം: സേവാഭാരതി ജില്ലാ സമിതിയുടെ സഹായം കോട്ടൂരില്‍ നിര്‍ധന കുടുംബത്തിന് ആശ്വാസം പകര്‍ന്നു. കിടക്ക, വസ്ത്രങ്ങള്‍ തുടങ്ങി ടെലിവിഷന്‍ വരെയാണ് സേവാഭാരതി സഹായമായി എത്തിച്ചത്.
കോട്ടൂര്‍ കാവുവിള റോഡില്‍ കൊച്ചുകോണം കള്ളിയല്‍ ഒന്‍പതാം വാര്‍ഡില്‍ കഴിയുന്ന രഘുവരനും കുടുംബത്തിനുമാണ് സേവാഭാരതിയുടെ സഹായമെത്തിയത്. പ്ലാസ്റ്റിക് ഷീറ്റില്‍ മറച്ച കുടിലിലെത്തി പ്രവര്‍ത്തകര്‍ പുതുവസ്ത്രങ്ങളും ടെലിവിഷനും നല്കിയപ്പോള് രഘുവരന്റെ ഭാര്യ സിന്ധുവിനും കുട്ടികള്‍ക്കും സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറത്തായിരുന്നു. അറുപത്തിമൂന്നുകാരനായ രഘുവരന് മരപ്പണിക്കാരനാണ്. വിവാഹം താമസിച്ച് നടന്നതുകൊണ്ട് കുട്ടികള്‍ക്ക് ചെറുപ്രായമാണ്. നാലാം ഏഴാം ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍. വാര്‍ധക്യം ജോലി ചെയ്യാന്‍ കഴിയാത്തവിധം ശരീരത്തെ തളര്ത്തുമ്പോഴും തന്റെ കുടുംബത്തിന്റെ ജീവിതം എങ്ങനെയെന്നത് രഘുവരന്റെ മുന്നില്‍ ചോദ്യചിഹ്നമാണ്.
ജോലിയുള്ളപ്പോള്‍ കിട്ടുന്ന വേതനം കൊണ്ട് കുടുംബത്തിന്റെ നിത്യവൃത്തി നടത്തിയിരുന്നെങ്കിലും വീടിനുള്ളിലെ ദുരിതം പുറത്തറിഞ്ഞിരുന്നില്ല. അന്തിയുറങ്ങാന്‍ പായപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. രഘുവരന് വിവാഹം കഴിഞ്ഞതു മുതല്‍ രഘുവരന്റെ ‘മണിമാളിക’ ഈ പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ കുടിലായിരുന്നു. ഇക്കാലമത്രയും സ്വന്തമായി കിടപ്പാടത്തിന് വേണ്ടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കണ്ണു തുറന്നില്ല. രാഷ്ട്രീയം കളിച്ച് ഭരണപ്രതിപക്ഷ മുന്നണി പ്രവര്‍ത്തകര്‍ രഘുവരന്റെ അപേക്ഷയെ മുക്കുകയാണുണ്ടായത്. ഒടുവില്‍ 2018 ലുണ്ടായ കനത്ത മഴയില്‍ കുടുംബം കനത്ത പ്രതിസന്ധിയിലായതോടെ നാട്ടുകാരായ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഭവന നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍ വീട് നിര്‍മാണം പാതിവഴിയിലാണ്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ അമിത ചുമട്ടുകൂലി നല്‍കേണ്ടി വന്നതാണ് വീട് നിര്‍മാണം പ്രതിസന്ധിയിലായത്. ഇനി ലഭിക്കാനുള്ളത് നാല്‍പ്പതിനായിരം രൂപ. ഈ തുകയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന യാതൊരു പ്രതീക്ഷയും കുടുംബത്തിനില്ല. ഈ സാഹചര്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകരുടെ വരവ് കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയൊയുക്കിയിരിക്കുകയാണ്. പാതിവഴിയിലായ വീട് നിര്‍മാണത്തിന് സഹായം നല്‍കുന്നതുള്‍പ്പെടെ രഘുവരന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: