മെഡിക്കല്‍കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ മേധാവിയുടെ നിയമനം ചുവപ്പ് നാടയില്‍ കുരുങ്ങുന്നു. ചില ആരോഗ്യവകുപ്പ് ഉന്നതരുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് നിയമനം തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസര്‍ ഇക്കഴിഞ്ഞ മേയ് 31 ന് വിരമിച്ചു. എന്നാല്‍ ഇതുവരെ ഈ തസ്തികയിലേയ്ക്ക് പുതിയ നിയമനം നടത്തിയിട്ടില്ല. നിയമനം സംബന്ധിച്ച് മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ നിന്നും ഫയല്‍ വകുപ്പ് മേധാവിക്ക് കൈമാറിയെങ്കിലും ഇക്കാര്യത്തില്‍ കുറച്ച് സമയം വേണമെന്ന് കാണിച്ച് മേധാവി ഫയല്‍ മടക്കുകയാണുണ്ടായത്. വ്യവസ്ഥയനുസ്സരിച്ച് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക ഒഴിവ് വന്നാല്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ യോഗ്യതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്കി ഒഴിവ് നികത്തണമെന്നാണ് ചട്ടം. മാത്രവുമല്ല മറ്റ് ആശുപത്രികളില്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ സ്ഥലംമാറ്റത്തിന് അപേക്ഷ നല്കിയാല് അവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച് പരിഗണന നല്കിയ ശേഷമേ പ്രമോഷനുകള്‍ക്ക് സാധ്യതയുള്ളൂവെന്നും പറയുന്നു.
എന്നാല്‍ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകരെ പരിഗണിക്കാനോ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷനുകള്‍ നല്‍കാനോ തയ്യാറാകാതെ ഡിഎംഇ മൗനം പാലിക്കുകയാണ്. കൊറോണ പകര്‍ച്ചവ്യാധിയില്‍ കടുത്ത പ്രതിസന്ധി മെഡിക്കല്‍കോളേജ് ആശുപത്രി നേരിടുമ്പോഴും സെക്യൂരിറ്റി ഓഫീസറുടെ നിയമനത്തില്‍ കാലതാമസമുണ്ടാകുന്നതില്‍ ദുരൂഹതയുണ്ട്. എന്നാല്‍ സ്വന്തക്കാരനെ സെക്യൂരിറ്റി ഓഫീസറായി നിയമിക്കാനുള്ള ചിലരുടെ നീക്കമാണിതിനു പിന്നിലെന്നാണ് ആക്ഷേപം. കൊല്ലം എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ സെക്യൂരിറ്റി ഓഫീസര്‍മാരുള്ളത്. ഇവരിലൊരാളെ തിരുവനന്തപുരത്തേയ്ക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: