എല്ലാറ്റിനും അതിന്റെതായ സമയമുണ്ടെന്നാണ് പഴമക്കാര്‍ പറയുക. മനുഷ്യനും മൃഗത്തിനും പൂക്കള്‍ക്കും പുഴുക്കള്‍ക്കുമൊക്കെ. കാലം കുറിച്ച സമയത്ത് ജനിക്കാനും ജീവിക്കാനും പൂത്തുലയാനും വാടിക്കൊഴിയാനുമൊക്കെ നിശ്ചിത സമയമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കാണ് കഴിയുക. കീടാണുവിനെ ഭയന്ന് രാജ്യത്ത് ലോക്ഡൗണ്‍ വന്ന നാളുകളുടെ കാര്യം തന്നെ എടുക്കുക. നാടായ നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉത്സവത്തിന്റെ നാളുകളായിരുന്നു അത്. ബന്തിയും ജമന്തിയും താമരയുമൊക്കെ പൂത്തുലുയുന്ന നാളുകള്‍. പക്ഷേ അണുനിയന്ത്രണം ഉറപ്പാക്കുന്നതിന് ഗോപുരനടകള്‍ അടഞ്ഞു കിടന്നപ്പോള്‍ പൂത്തുലഞ്ഞ പൂവുകളൊക്കെ കൊഴിഞ്ഞു. പൂ കര്‍ഷകരുടെ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു.
പക്ഷേ പൂക്കളുടെ ജീനില്‍ കോറിയിട്ട ജാതക രേഖകള്‍ തിരുത്തിയ ഒരുപിടി കര്‍ഷകര്‍ ബംഗാളിലുണ്ട്. പശ്ചിമബംഗാളിലെ പൂര്‍വ മേദിനിപുര്‍ ജില്ലയിലെ മഹത്പൂര്‍ ഗ്രാമത്തില്‍. വെറും ഒന്‍പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ കത്തിച്ച് അവര്‍ ജമന്തിപ്പൂക്കളുടെ തലവര മാറ്റിവരച്ചു. തങ്ങളുടെ ഭാഗ്യത്തിന്റെ ഹസ്തരേഖയും.
ആലക്തിക ദീപങ്ങളുടെ പ്രഭാപൂരത്തില്‍ പൂച്ചെടികളുടെ വളര്‍ച്ചയും പൂവിടലുമൊക്കെ നിയന്ത്രിക്കാമെന്നാണ് ആ കര്‍ഷകര്‍ കണ്ടെത്തിയത്. വിപണി ഉണരും വരെ പൂവിടല്‍ നീട്ടിവയ്‌ക്കാമെന്ന് അവര്‍ തെളിയിച്ചു. അവര്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് കര്‍ഷകരും.
അന്തരീക്ഷ മലിനീകരണവും പൊടിപടലങ്ങളും പുകമഞ്ഞും ഒക്കെ ചെടികളുടെ ഇലയില്‍ പറ്റിക്കൂടി അതിലേക്കുള്ള പ്രകാശത്തിന്റെ കടന്നുവരവ് തടസ്സപ്പെടുത്തുന്നുവെന്നത് ഒരു സത്യം മാത്രം. അത്തരം സാഹചര്യത്തില്‍ സസ്യങ്ങളുടെ ശ്വസന സഹായികളായ സൂക്ഷ്മ രന്ധ്രങ്ങളുടെ (സ്റ്റൊമാറ്റോ)പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലാവും. പ്രകാശ സംശ്ലേഷണത്തിന്റെ നിരക്ക് തീരെ കുറയും. അതു മൂലം ചെടിയും ചെടിയിലുണ്ടാകുന്ന പൂക്കളും കനികളുമൊക്കെ കുള്ളന്മാരായിത്തീരാന്‍ എല്ലാ സാധ്യതയുമുണ്ട്. ഈ അവസ്ഥ തീവ്രമായാല്‍ ചെടികള്‍ വാടിയുണങ്ങിപ്പോയാലും അതിശയിക്കേണ്ടതില്ല.
എന്നാല്‍ രാത്രിയെ പകലാക്കുന്ന എല്‍ഇഡി വെളിച്ചത്തില്‍ കാര്യങ്ങളൊക്കെ മാറി മറിയും. പകലുകളില്‍ നിയന്ത്രിതമായി പ്രകാശം കടത്തിവിടുന്ന കവചങ്ങള്‍ കൊണ്ട് ചെടികളെ പൊതിഞ്ഞ് മലിനീകരണത്തില്‍നിന്ന് സംരക്ഷിക്കുന്ന കര്‍ഷകര്‍ രാത്രിയില്‍ ഓരോ ചെടികള്‍ക്കും മേലെ ലൈറ്റുകള്‍ കത്തിക്കുന്നു. പകല്‍ കിട്ടുന്നതിന്റെ ഇരട്ടിയിലേറെ വെളിച്ചം ലഭിക്കുന്നതോടെ ചെടികള്‍ അധികമായി പ്രകാശ സംശ്ലേഷണം നടത്തുന്നു. ഒരുപാട് ഭക്ഷണം പാകപ്പെടുത്തി ഇലകളില്‍ സൂക്ഷിക്കുന്നു. ഒരു നിശ്ചിത ദിവസം പൂക്കള്‍ ആവശ്യമാണെന്ന് ഓര്‍ഡര്‍ കിട്ടിയാലുടന്‍ കര്‍ഷകര്‍ വൈദ്യുത വിളക്കുകള്‍ അണയ്‌ക്കും. അതോടെ ചെടികള്‍ സംഭരിച്ച ഊര്‍ജം മുഴുവനും ഉപയോഗിച്ച് വളരും. നിശ്ചിത സമയത്തിനകം മൊട്ടുകള്‍ വിരിയും. സാധാരണയെക്കാളും ഇരട്ടി വലിപ്പമുള്ള പൂക്കള്‍. ഓരോ കുലയിലും സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടിയിലധികം പൂക്കള്‍. വരുമാനത്തിലും ഇരട്ടി.
ഇരുളും വെളിച്ചവും ശാസ്ത്രീയമായി നിയന്ത്രിച്ചാല്‍ ബന്തിയും ജമന്തിയുമൊക്കെ ആവശ്യമുള്ളപ്പോള്‍ വിരിയിച്ചെടുക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. ശാസ്ത്രജ്ഞന്മാര്‍ ആ കണ്ടുപിടുത്ത്‌ത്തെ അംഗീകരിക്കുന്നു.
കൊല്‍ക്കത്ത-മുംബൈ നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മഹത്പൂര്‍ ഗ്രാമം ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കൂരിരുട്ടില്‍ ഓടിയണച്ചെത്തുന്ന മോട്ടോര്‍ വാഹനങ്ങള്‍ എല്‍ഇഡി വിളക്കിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ഗ്രാമങ്ങള്‍കൊണ്ട് അദ്ഭുതം കൂറുന്നു. ഇരുട്ടിലും തിളങ്ങുന്ന ക്രിസാന്തമം(ജമന്തി) പൂക്കളെ കണ്ണുവയ്‌ക്കുന്നു. മഞ്ഞയും ഓറഞ്ചും ചുവപ്പും വയലറ്റും പര്‍പ്പിളും നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന അവയുടെ ചാരുതയില്‍ മനസ്സ് നിറയ്‌ക്കുന്നു.
രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം. മറ്റ് പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ ഉല്‍പ്പാദനം വെളിച്ച സൂത്രവാക്യത്തിലൂടെ നേരത്തെയാക്കാനും വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനി വൈകാനിടയില്ല. വ്യാപകമായി അത്തരം സംരംഭങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രകൃതിയുടെ താളത്തില്‍ പിഴകള്‍ സംഭവിക്കുമോയെന്ന് സംശയിക്കുന്നവരും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: