കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാല്‍പ്പത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ വാരാചരണവുമായി സിപിഐ. മലപ്പുറം യുവകലാസാഹിതിയുടെ ഫേസ്ബുക്ക് പേജിലാണ് ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ ആലങ്കോട് ലീലകൃഷ്ണന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ പങ്കെടുത്ത അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം എന്നാണ് അജിത് കൊളാടി വിശേഷിപ്പിച്ചത്.
കേരളത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ നാലു മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെ സിപിഐ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോനെ കൂടാതെ പ്രമുഖ സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം എന്നിവരും അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ നടപ്പാക്കിയ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗ്, ആര്‍എസ്പിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണയായിരുന്നു അത്.
കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയനാക്കി കൊന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പഞ്ചസാരയിട്ട് കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
രാജന്റെ പിതാവ് ഈച്ചരവാരിയര്‍ മകനെ കാണാന്‍ കക്കയം ക്യാമ്പിലെത്തിയിരുന്നു. സുഹൃത്തും പലതവണ വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത മുഖ്യമന്ത്രി അച്യുതമേനോനെ ഈച്ചരവാരിയര്‍ നേരിട്ട് കണ്ട് മകനെ കുറിച്ചുള്ള വിവരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വളരെ മോശമായാണ് പെരുമാറിയതെന്ന് ഈച്ചരവാരിയര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: