ഇരിട്ടി : സി പി എമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പായം പഞ്ചായത്തിലെ അളപ്രയിൽ മരണപ്പെട്ടയാളുടെ ക്ഷേമപെൻഷൻ കുടുംബം അറിയാതെ ഒപ്പിട്ടു വാങ്ങിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏപ്രിലിൽ അളപ്രയിൽ വെച്ച് ഈ മേഖലയിൽ ഉള്ളവരുടെ 6 മാസത്തെ പെൻഷൻ തുക വിതരണം ചെയ്തിരുന്നു. മാർച്ചിൽ മരണപ്പെട്ട കൗസു അമ്മയുടെ പെൻഷൻ തുക ഒപ്പിട്ടു വാങ്ങിയതായാണ് രേഖകളിൽ കാണുന്നത്. ഇരിട്ടി കോ ഒപ്പ്. റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപനയും വാർഡ് മെമ്പർ വിമലയും , സി പി എം പായം ഈസ്റ്റ് മേഖലാ പ്രസിഡന്റുമായ സുരേന്ദ്രൻ അടങ്ങുന്ന സംഘവുമാണ് അലപ്ര മേഖലയിലെ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തിരുന്നത്. വിതരണം ചെയ്യുന്നതിനിടയിൽ മാർച്ചുമാസം മരണപ്പെട്ടുപോയ കൗസുവിന്റെയും പേര് വായിച്ചിരുന്നു. മരണദിവസം വരെയുള്ള തുക അവരുടെ കുടുംബത്തിലെ അർഹതപ്പെട്ടവർക്ക് കൈമാറാമെന്നിരിക്കേ ഇത് കൈമാറാതെ മരണപ്പെട്ടവർക്ക് പെൻഷൻ ഇല്ലെന്നു പറയുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചില സംശയങ്ങളുടെ പേരിൽ നടത്തിയ അന്വേഷണത്തിൽ പെൻഷൻ ഒപ്പിട്ടു വാങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്.
പെൻഷൻ തിരിമറി നടത്തിയത് മഹിളാ അസോസിയേഷൻ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. പൂർണ്ണമായും സി പി എം നിയന്ത്രണത്തിലുള്ള ഇരിട്ടി കോ ഓപ്പ റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റ് കൂടിയായ ജില്ലാ നേതാവിന് പഞ്ചായത്ത് ഭരണ സമിതി യുമായി നല്ല ബന്ധമാണുള്ളത്. പഞ്ചായത്ത് ഭരണത്തിന്റെ തണലിലാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത് . ഈ വാർഡിൽ തന്നെ മറ്റ് നിരവധിപേരുടെയും പെൻഷൻ ഈ വിധത്തിൽ തട്ടി എടുക്കുന്നതായാണ് വിവരം. ഇത് കൂടാതെ വിവിധ വികസന പദ്ധതികളുടെ മറവിൽലും വൻ തട്ടിപ്പുകളാണ് പഞ്ചായത്തിൽ നടന്നു വരുന്നതെന്ന ആക്ഷേപവുമുണ്ട്. പഞ്ചായത്തിൽ നടന്ന പെൻഷൻ തിരിമറികളെക്കുറിച്ചും അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, മറ്റ് ഭാരവാഹികളായ പി.വി. അജയകുമാർ, പ്രിജേഷ് അളോറ, പി.ജയപ്രകാശ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: