കണ്ണൂര്‍: മരിച്ച ആളിന്റെ ക്ഷേമപെന്ഷന് കള്ള ഒപ്പിട്ട് സിപിഎം വനിതാ നേതാവ് തട്ടിയെടുത്തു. ഇരിട്ടി പായം പഞ്ചായത്തിലെ അളപ്ര കൗസു നാരായണന്റെ അഞ്ചു മാസത്തെ വാര്‍ധക്യകാല പെന്‍ഷനാണ് കുടുംബം അറിയാതെ ബാങ്ക് കളക്ഷന്‍ ഏജന്റായ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗം ഒപ്പിട്ടു എടുത്തത്.തട്ടിപ്പിന്റെ രേഖകള്‍ സഹിതം തെളിവുകളുമായി കൗസുവിന്റെ മക്കള്‍ രംഗത്തെത്തി.ബാങ്ക് രേഖകളില്‍ പെന്ഷന് വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകള്‍ അജിതയും മരുമകന് കെ.ബാബൂവും ഹാജരാക്കി.
മാര്‍ച്ച് ഒന്‍മ്പതിന് മരിച്ച കൗസുവിന്റെ മരണപത്രം മാര്‍ച്ച് 20ന് തന്നെ പഞ്ചായത്തില്‍ ഹാജരാക്കിയിരുന്നു. ഏപ്രില്‍ ആദ്യ വാരം പ്രദേശത്തെ ക്ഷീരോത്പ്പാദക സഹകരണ സംഘത്തില്‍ വെച്ചാണ് പെന്ഷന് വിതരണം ചെയ്തത്. പ്രദേശത്തെ വാര്‍ഡ് അംഗത്തോട് ചോദിച്ചപ്പോള്‍ മരിച്ചതിനാല്‍ പെന്ഷന് ഇല്ലെന്ന് പറഞ്ഞതായി മകള്‍ അജിത പറഞ്ഞു. പിന്നീടാണ് അഞ്ചു മാസത്തെ പെന്‍ഷനായ 6100 രൂപ വാങ്ങിയതായി കണ്ടെത്തിയത്. ഇരിട്ടി റൂറല്‍ ബാങ്ക് വഴിയാണ് പെന്ഷന് കിട്ടിക്കൊണ്ടിരുന്നത്. വാര്‍ധക്യകാല അസുഖം മൂലം പെന്ഷന് തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു.
മരിച്ചയാള്‍ക്ക് പെന്ഷന് കിട്ടില്ലെന്ന് വാര്‍ഡ് അംഗം പറഞ്ഞതിനാല്‍ പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല. പെന്ഷന് വിതരണ കേന്ദ്രത്തില്‍ അര്‍ഹതപ്പെട്ടവരുടെ പേര് വായിച്ച കൂട്ടത്തില്‍ അമ്മയുടെ പേരും ഉണ്ടായിരുന്ന തായി പിന്നീട് ചിലര്‍ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് അജിത പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പ്രദേശത്ത് ഒരു വര്‍ഷം മുന്‍മ്പ് മരിച്ചയാളുടെ പെന്‍ഷനും ഇങ്ങനെ വാങ്ങിയതായി സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. പ്രശ്നം വിവാദമായപ്പോള്‍ ചില പ്രമുഖര്‍ വിളിച്ച് പ്രശ്നം ഉണ്ടാക്കരുതെന്നും ഓര്‍മ്മയില്ലാഞ്ഞതിനാല്‍ അമ്മയുടെ പെന്ഷന് ഒപ്പിട്ടു വാങ്ങിയതായി പറയണമെന്നും പറഞ്ഞതായും അജിത ആരോപിച്ചു. ഒരാള്‍ വിളിച്ച് പണം കയ്യിലുണ്ടെന്നും ഒപ്പിട്ടു വാങ്ങണമെന്നുംപറഞ്ഞതായും അജിത പറഞ്ഞു.
കൗസു നാരായണന്റെ പെന്ഷന് വിതരണം ചെയ്തതായി ബാങ്ക് രേഖകളില്‍ ഉണ്ടെന്ന് ഇരിട്ടിറൂറല് ബാങ്ക് സെക്രട്ടറി സി.ടി. സുജാത പറഞ്ഞു. പെന്ഷന് വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷന്‍ ഏജന്റ് കുടുംബം പെന്ഷന് ഒപ്പിട്ടുവാങ്ങിയതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പെന്ഷന് വാങ്ങിയവരുടെ വിവരങ്ങള്‍ എല്ലാം സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. പരാതി ലഭിച്ചപ്പോഴാണ് ബാങ്ക് കാര്യം അറിയുന്നതെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: