തിരുവനന്തപുരം: പിഎസ്സി മാസപ്പടിക്കാരുടെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഭുൽ കൃഷ്ണൻ പിഎസ്സി ആസ്ഥാനത്ത് നടത്തിയ ഇരുപത്തിനാലു മണിക്കൂർ നിരാഹാര സത്യാഗ്രഹസമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ട പിഎസ്സി സ്വജനപക്ഷപാതത്തിന്റെയും പിൻവാതിൽ നിയമനത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കേന്ദ്രമായി ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ പിണറായി സർക്കാർ മാറ്റി. നിലവിലെ റാങ്ക് പട്ടികയിലെ ബഹുഭൂരിപക്ഷം പേരും നിയമനം ലഭിക്കാതെ പുറത്തു നിൽക്കുമ്പോൾ വീണ്ടും പരീക്ഷ നടത്താൻ ശ്രമിക്കുന്നത് സർക്കാരും പിഎസ്സിയിലെ ഉന്നത ഉേദ്യാഗസ്ഥരും സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രങ്ങളും ഗൈഡ് കമ്പനികളും ഒത്തു ചേർന്നുള്ള ഒത്തുകളിയാണെന്നും പി.സുധീർ പറഞ്ഞു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണന് പി.സുധീർ നാരങ്ങാനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജെ.ആർ. അനുരാജ് അധ്യക്ഷത വഹിച്ചു യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ബി.എൽ. അജേഷ്, സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത് എച്ച്.എസ്., ഉണ്ണിക്കണ്ണൻ എം.എ., ആനന്ദ എസ്.എം., ആശാനാഥ്, അനൂപ് എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: