കോഴിക്കോട്: തകര്‍ച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് യാചന സമരവുമായി ബസ് വ്യവസായ സംരക്ഷണ സമിതി. ബസ് ഉടമകളുടെ നേതൃത്വത്തില്‍ കഞ്ഞിവെച്ചാണ് ബസ് സ്റ്റാന്റുകളില്‍ സമരം നടത്തിയത്. തകര്‍ച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 മുതല്‍ 12 വരെയാണ് കഞ്ഞിവെച്ച് യാചനാ സമരം നടത്തിയത്.
ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ആത്മഹത്യയാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നു ബസ്സുടമകള്‍ പറയുന്നു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു.
സമിതി ചെയര്മാന് സി. മൂസ, കണ്‍വീനര്‍ പി.ടി.സി. ഗഫൂര്‍, സി.കെ. അബ്ദുള്‍ റഹ്മാന്, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി. ജൂലൈ ഒന്നിന് കളക്ട്രേറ്റിന് മുന്നില്‍ ഏകദിന ഉപവാസവും സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, കൊടുവള്ളി, ഫറോക്ക്, മുക്കം, കൊയിലാണ്ടി, മാവൂര്‍ തുടങ്ങി ജില്ലയിലെ പതിനഞ്ചോളം ബസ് സ്റ്റാന്റുകളിലായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: