തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ രാമചന്ദ്രന് ടെക്സ്റ്റയില്‍സില്‍ തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനം പലപ്പോഴും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊറോണ പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നു. മാത്രമല്ല തൊഴിലിടങ്ങളില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാനസൗകര്യം പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല എന്നാണ് ആരോപണം ഉയരുന്നത്.
നഗരത്തിലെ പ്രധാന വസ്ത്ര വിപണനശാലയായ രാമചന്ദ്രന് ടെക്സ്റ്റയില്‍സില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ പലരും ഇളവുകള്‍ ലഭിച്ചതോടെ തിരികെ എത്തിതുടങ്ങി. എന്നാല്‍ തൊഴിലാളികളെ തിരികെ എത്തിക്കുന്നതില്‍ മാനേജ്മെന്റ് കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.
ഇവരെ ക്വാറന്റൈനില്‍ ആക്കാനോ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനോ തയാറായില്ല. മറ്റ് ജീവനക്കാര്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിപ്പിക്കുകയും ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ പ്രതിഷേധമുണ്ടായപ്പോഴാണ് പോലീസ് എത്തി അനധികൃതമായി വന്ന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമം 2020 പ്രകാരം രാമചന്ദ്രന് ടെക്സ്റ്റയില്സിനെതിരെ പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ സ്ഥാപനത്തിലെ തൊഴിലാളികളില്‍ മുക്കാല്‍ ഭാഗവും തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. തമിഴ്നാട്ടിലെ ചില ഏജന്റുമാര്‍ വഴി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായവരെ കണ്ടെത്തിയാണ് ഇവിടെ ജോലിക്ക് നിയമിക്കുന്നത്. നിര്ധനവീടുകളിലെ പെണ്‍കുട്ടികളാണ് ഇവിടെ ഏറെയും. ഇവര്‍ക്ക് തൊഴില്‍പരമായ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെയാണ് തൊഴിലെടുപ്പിക്കുന്നത് എന്നാണ് ഈ സ്ഥാപനത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം. പിഎഫും ഇഎസ്എയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവിടെയുള്ള തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് നിഷേധിക്കുകയാണ്.
തൊഴിലാളികള്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മാനേജുമെന്റുകള്‍ നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് മിനിമംവേതനം നല്‍കാത്തതിനെതിരെ സ്ഥാപനത്തിനെതിരെ കേസും നിലനില്ക്കുന്നു. തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങളിലും മറ്റ് തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും മാനേജ്മെന്റ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി നല്കുന്ന സാമ്പത്തിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളില്‍ പലരെയും ഉള്‍ക്കൊള്ളിക്കുന്നില്ല എന്ന ആക്ഷേപവും ഈ സ്ഥാപനത്തിനെതിരെ ഉയരുന്നു. രാവിലെ 10 മുതല്‍ രാത്രി 9 വരെ തുടരുന്ന തൊഴില്‍ സമയത്ത് ഇവര്‍ക്ക് വിശ്രമിക്കാനോ ഇരിക്കാനോ ഉള്ള സൗകര്യംപോലും മാനേജ്മെന്റ് ഒരുക്കുന്നില്ല എന്നുമാണ് ആരോപണം.
ഒരു പ്രധാനസ്ഥാപനം തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും നടത്തുന്നത്, കര്‍ശനമായി നിയമം നടപ്പിലാക്കും എന്ന് ഊറ്റംകൊള്ളുന്ന അധികാരികളുടെ കണ്മുന്നിലാണ് എന്നതാണ് രസകരം. നഗരസഭയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും ആദായനികുതി വകുപ്പുമൊക്കെ പലതവണ ഇവിടെ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മാനേജ്മെന്റ് സ്വാധീനം ഉപയോഗിച്ച് നടപടികള്‍ ഒതുക്കിതീര്‍ക്കുകയാണ് പതിവ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പൊതുജനആരോഗ്യത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അപകടത്തിലാക്കും എന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: