തൃശൂര്‍: വടക്കാഞ്ചേരി കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിലകപ്പെട്ട ഇരുചക്രവാഹനം രണ്ടര വര്‍ഷത്തിന് ശേഷം കണ്ടെടുത്തു. 19 പേരുടെ ജീവനപഹരിച്ച കുറാഞ്ചേരി ദുരന്തഭൂമിയില്‍ നിന്ന് കാന നവീകരണത്തിനിടെയാണ് സ്‌കൂട്ടര്‍ കണ്ടെടുത്തത്.
ദുരന്തത്തില്‍ മരിച്ച മുണ്ടന്‍പ്ലാക്കല്‍ ജന്‍സന്റെതാണ് കണ്ടെടുത്ത ആക്ടീവ വാഹനമെന്നാണ് പ്രാഥമിക നിഗമനം. 19 പേരാണ് ആ കറുത്ത ദിനത്തില്‍ കണ്ണീരോര്‍മ്മയായത്. 2018 ആഗ. 16 കുറാഞ്ചേരിയെ നടുക്കിയ പേടിപ്പെടുത്തുന്ന ദിനമായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തില്‍ മലയിടിഞ്ഞ് ഒഴുകിയെത്തിയ കല്ലും മണ്ണും എല്ലാം തകര്‍ത്തെറിഞ്ഞു. വീടുകളും വാഹനങ്ങളും മനുഷ്യ ജീവനുകളുമെല്ലാം മണ്ണിനടിയിലായി.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാടൊന്നാകെ കൈകോര്‍ത്ത് ജെസിബിയും മറ്റും ഉപയോഗിച്ച് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങളും വാഹനങ്ങളും പുറത്തെടുത്തതും മേഖലയിലെ ഗതാഗതം പുനസ്ഥാപിച്ചതും. രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ണിലകപ്പെട്ട മേഖലയിലെ പൊതുകിണറും കാനകളും വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇന്നലെ വാഹനം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലിസും ജനപ്രതിനിധികളും സ്ഥലത്തെത്തി ബൈക്ക് ദുരന്തഭൂമിയില്‍ നിന്നും മാറ്റി. വാഹന ഉടമയാരെന്നു കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: