കോഴിക്കോട്: ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അടിയന്തരാവസ്ഥ എന്നൊന്നും പറഞ്ഞാ ല്‍ കൃത്യമായി അറിയാത്ത അവസ്ഥ. എന്നാലും വീട്ടിലുള്ളവര്‍ പറഞ്ഞും കേട്ടും കാര്യങ്ങളറിയാം. ഏതു നിമിഷവും കാക്കിയിട്ട പോലീസുകാര്‍ അമ്മാവന് പി. ബാലഗോപാലനെ തേടിയെത്തുമെന്ന് കരുതിയിരുന്ന കാലം.
പലരെയും പോലീസ് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്ദ്ദിച്ചതൊക്കെ കേട്ടതിനാല്‍ പോലീസ് വന്നാലും അമ്മാവനെ വിട്ടുകൊടുക്കരുതെന്നായിരുന്നു മനസ്സില്‍… ഏഴാം ക്ലാസിലായിരുന്നെങ്കിലും വീട്ടിലെ ചുറ്റുപാടും അമ്മാവനില്‍ നിന്ന് കേട്ടറിഞ്ഞതുമെല്ലാം കൊണ്ട് മനസ്സ് അടിയന്തരാവസ്ഥയ്ക്കെതിരായിരുന്നു… ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആദ്യ ബാലഗോകുലമായ ശിവജി ഗോകുലത്തിലെ അംഗവുമായ പി. രമണീഭായ് അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുക്കുന്നു.
കാരപ്പറമ്പിലെ ചെറിയപാലത്തെ നളന്ദ ബാലവിഹാര് നഴ്സറി സ്കൂള്‍ കെട്ടിടത്തില്‍ വെച്ച് ബാലഗോകുലം നടക്കുന്ന ദിവസം. അമ്മാവന് ബാലഗോപാലനാണ് ക്ലാസ് എടുത്തിരുന്നത്. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ക്ലാസ് നടക്കുന്നതിനിടെയാണ് പോലീസ് എത്തിയത്. പോലീസിനെ കണ്ടതോടെ അമ്മാവനെയും കൂടെയുള്ളയാളെയും കെട്ടിടത്തിലെ മൂത്രപ്പൂരയിലിട്ട് പൂട്ടി പുറത്തുനിന്നു. പോലീസ് വന്ന് അന്വേഷിച്ചപ്പോള്‍ രണ്ടു പേരും ക്ലാസ് കഴിഞ്ഞ് പോയെന്ന് പറഞ്ഞു. കുട്ടികളായതുകൊണ്ട് പറഞ്ഞതു വിശ്വസിച്ച് പോലീസുകാര്‍ പോയി. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആളുകള്‍ കൂടിയിരുന്നു. അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നത് കാണാന്‍ കൂടി നിന്നവരായിരുന്നു അവര്‍. അക്കൂട്ടത്തില്‍ ആരോ ആണ് അമ്മാവന് എത്തിയകാര്യം പോലീസിന് ചോര്‍ത്തികൊടുത്തത്.
നടക്കാവിലെ ആര്‍എസ്എസ് കാര്യാലയത്തിലും വീട്ടിലും ഉണ്ടായിരുന്ന ഗണവേഷമെല്ലാം ഒളിപ്പിച്ചുവെച്ചത് വീട്ടിലായിരുന്നു. വീട്ടിലെ കിടക്കയുടെ കൂടെ തുന്നി വിറക് എടുത്തുവെക്കുന്ന വീടിന്റെ തട്ടിന് പുറത്ത് വെച്ചു. അതിന്റെ മുകളില്‍ വിറകും ഓലയുമെല്ലാം വെച്ചു. അമ്മയായിരുന്നു കിടക്ക തുന്നിയത്.
കുരുക്ഷേത്രത്തിന്റെ വിതരണമായിരുന്നു ഒരു ദൗത്യം. സൊസൈറ്റിയില്‍ പാല് നല്‍കാനായി പോകുമ്പോള്‍ ഒരു പാത്രത്തില്‍ കുരുക്ഷേത്രവും ഉണ്ടാകും. സഹോദരന് രമേഷ് ബാബുവും കൂടെയുണ്ടാകുമായിരുന്നു. മുന്മേയര് കോളിയോട്ട് ഭരതന്റേതുള്പ്പെടെ പ്രദേശത്തെ പ്രമുഖരുടെ വീടുകളില്‍ കുരുക്ഷേത്രം കൊണ്ടുപോയിട്ടത് തങ്ങളായിരുന്നു. കുട്ടികള്‍ ആയതുകൊണ്ട് പോലീസ് സംശയിച്ചതുമില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത മാസമാണ് കോഴിക്കോട് തളിയില്‍ രാഷ്ട്രസേവികാ സമിതിയുടെ ശാഖ തുടങ്ങിയത്. രാഷ്ട്രസേവികാ സമിതി അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കുസുംഭായ് അനന്തസാട്ടെയും മകളും അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ലളിത സാട്ടെ എന്നിവരാണ് നാഗ്പൂരില്‍ നിന്ന് ശാഖ തുടങ്ങാനായി കോഴിക്കോട് എത്തിയത്. പിന്നീട് കാരപ്പറമ്പിലെ വീട്ടിലും സേവികാ സമിതിയുടെ ശാഖ നടന്നിരുന്നതായും പി. രമണീഭായ് കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: