ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനവും സംഘര്‍ഷവും സൃഷ്ടിച്ചതിനോട് കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും എടുക്കുന്ന നിലപാടുകളില്‍ ഈ പാര്‍ട്ടികളുടെ ഗൂഢമായ താല്‍പ്പര്യം തിരിച്ചറിയുന്നവര്‍ക്ക് ആശ്ചര്യം തോന്നില്ല. നിയന്ത്രണ രേഖയ്ക്ക് സമീപം പരസ്പര ധാരണയ്ക്കു വിരുദ്ധമായി ചൈന ടെന്റുകള്‍ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ടെന്റുകള്‍ പൊളിച്ചുകളഞ്ഞ നമ്മുടെ സൈനികര്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടി. ജൂണ്‍ 15 ന് നടന്ന ഈ സംഘര്‍ഷത്തില്‍ ഒരു കേണല്‍ അടക്കം 20 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ രണ്ട് കേണലടക്കം 40 ലേറെ ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഏകപക്ഷീയമായി പ്രകോപനം സൃഷ്ടിച്ച ചൈന ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. ഇതിനു മറയിടാന്‍ ചില അവകാശവാദങ്ങള്‍ ആ രാജ്യം ഉന്നയിക്കാന്‍ തുടങ്ങി. തങ്ങള്‍ക്കുണ്ടായ ആള്‍നാശം പോലും അവര്‍ ആദ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.
ഇതുതന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാടുകള്‍. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെല്ലാം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മാത്രമാണ് വിരുദ്ധ നിലപാടെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത അവര്‍ ചൈനയുടെ അതിക്രമത്തെ അപലപിക്കാന്‍ തയ്യാറായില്ല. ചൈനയുടെ അവകാശവാദങ്ങളെ അതേപടി ഏറ്റെടുത്ത കോണ്‍ഗ്രസ്സ് ചൈന നമ്മുടെ പ്രദേശം കയ്യേറിയതായി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചൈനീസ് സൈനികര്‍ മരിച്ച വിവരം നിരാകരിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം അംഗീകരിക്കാതെ, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നതായിരുന്നു ഇടതുപാര്‍ട്ടികളുടെ ആവശ്യം. ചൈനയുടെ നടപടിയെ അപലപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ സൈനികരുടെ മരണത്തില്‍ ഇരുപാര്‍ട്ടികളും ദുഃഖം പ്രകടിപ്പിക്കുക മാത്രം ചെയ്തു.
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചതിനെ തുടര്‍ന്ന് അതിനെതിരെ രൂപംകൊണ്ടതാണ് യുപിഎ-ഇടതു സഖ്യം. ഇതിനുപിന്നില്‍ കരുക്കള്‍ നീക്കിയത് ചൈനയാണ്. ദേശീയ താല്‍പ്പര്യം വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കുന്ന ഒരു ഭരണകൂടം ഭാരതത്തില്‍ ഇനി അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തുകയെന്നതായിരുന്നു ഈ സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ചൈനയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെയും കോണ്‍ഗ്രസ്സിന്റെ അധികാരമോഹത്തെയും ഒന്നുപോലെ പിന്തുണയ്ക്കുന്നതായിരുന്നു ഈ അവിശുദ്ധ സഖ്യം.
പ്രധാനമന്ത്രി വാജ്പേയിക്ക് സൗമ്യമായ ഒരു മുഖമുണ്ടായിരുന്നെങ്കിലും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അങ്ങനെയായിരുന്നില്ല. ചൈനയ്ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ഫെര്‍ണാണ്ടസ് സംസാരിച്ചത്. പാക്കിസ്ഥാനല്ല, ചൈനയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവെന്ന് ഫെര്‍ണാണ്ടസ് പരസ്യമായി പ്രഖ്യാപിച്ചു. വാജ്പേയി സര്‍ക്കാര്‍ പൊഖ്റാനില്‍ നടത്തിയ ആണവ സ്ഫോടനങ്ങള്‍ പാക്കിസ്ഥാനെതിരെയാണെന്ന പ്രചാരണമാണ് നടന്നതെങ്കിലും, അടിസ്ഥാനപരമായി അത് ചൈനയെ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതി തന്നെ ‘ചൈനീസ് സെന്‍ട്രിക്’ ആയി മാറുന്നതാണ് വാജ്പേയി ഭരണകാലത്ത് ലോകം കണ്ടത്. ചുവപ്പന്‍ സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ മോഹിക്കുന്ന ചൈന ഇതില്‍ അപകടം മണത്തു. അസ്വസ്ഥത പുറത്തു കാട്ടിയില്ലെങ്കിലും വാജ്പേയി സര്‍ക്കാരിന് തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിനെ മുന്‍നിര്‍ത്തി നീക്കങ്ങള്‍ നടത്തി. ഇതിന്റെ അനന്തരഫലമായിരുന്നു യുപിഎ-ഇടതു സഖ്യം. രാജ്യസ്നേഹത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പ്രതിരോധമന്ത്രിയുടെ ആന്റിഡോസായിരുന്നു യുപിഎ ഭരണത്തില്‍ ആ പദവിയിലെത്തിയ എ.കെ.ആന്റണി.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ രൂപംകൊണ്ട യുപിഎ-ഇടതു സഖ്യം ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. സാധ്യമായ സകല തന്ത്രങ്ങളും പയറ്റി ദേശീയ ശക്തികളെ നീണ്ട 10 വര്‍ഷം അധികാരത്തിനു പുറത്തു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യം വിജയിച്ചു. ഇതില്‍ ഏറ്റവും സന്തോഷിച്ചത് ചൈന തന്നെയാണ്. അതിര്‍ത്തി തര്‍ക്കങ്ങളിലായാലും മറ്റ് പ്രശ്നങ്ങളിലായാലും ചൈനയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന ഒരു നടപടിയും എടുക്കാതിരിക്കാന്‍ സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയും അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുഖ്യകാര്‍മികനുമായിരുന്ന യുപിഎ-ഇടതു സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഒന്നാം മോദി സര്‍ക്കാരിനെ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുപോരുകയായിരുന്നു. അയല്‍രാജ്യത്തോട് സൗഹൃദ ഹസ്തം നീട്ടിയെങ്കിലും അത് അതിര്‍ത്തി രക്ഷയുടെ ചെലവിലാകരുതെന്ന് പ്രധാനമന്ത്രി മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചൈനയ്ക്ക് കീഴടങ്ങി അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തോടും പ്രതിരോധ സജ്ജീകരണങ്ങളോടും കുറ്റകരമായ വിമുഖത പുലര്‍ത്തിയ യുപിഎ ഭരണത്തില്‍നിന്ന് വ്യത്യസ്തമായി ഇവയൊക്കെ മോദി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുകൊണ്ടുപോയി. ഇതിലുള്ള അസ്വസ്ഥതയാണ് 2017ല്‍ ധോക്ലാമിലെ നിയന്ത്രണ രേഖയില്‍ സൈന്യത്തെ അണിനിരത്തി ചൈന പ്രകടിപ്പിച്ചത്. എക്കാലത്തേയും പോലെ ഒരു വിലപേശലിനാണ് ചൈന ഇതിലൂടെ ശ്രമിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്ന വിധത്തില്‍ ചില ധാരണകളില്‍ എത്തിച്ചേരുക എന്നതായിരുന്നു തന്ത്രം. പക്ഷേ ധോക്ലാമില്‍ അതേ നാണയത്തില്‍ മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കിയതോടെ ചൈനയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു. രണ്ടുമാസത്തിലേറെ നീണ്ട സംഘര്‍ഷത്തിനിടെ ചൈനീസ് അംബാസഡറെ രാഹുല്‍ എന്ന റൗള്‍ വിന്‍സി രഹസ്യമായി സന്ദര്‍ശിച്ച് തനിനിറം കാട്ടി.
മോദി സര്‍ക്കാര്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും പോലെ ചൈനീസ് ഭരണകൂടത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു എന്നു മാത്രമല്ല, രാഹുലിന്റെ നേതൃത്വം റദ്ദാക്കപ്പെട്ടു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സ്-ഇടതു സഖ്യം ആവര്‍ത്തിക്കുമായിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് കൊറോണ മഹാമാരി ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടത്. മരുന്നോ പ്രതിരോധ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗം ഇന്ത്യയില്‍ സര്‍വനാശം വിതയ്ക്കുമെന്നും, അങ്ങനെ വന്നാല്‍ അതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാമെന്നും കോണ്‍ഗ്രസ്സ് കരുതി.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സോണിയയും രാഹുലും പിന്നീട് ശ്രമിച്ചത്. ഇതിനായി ഹീനമായ പ്രചാരണം നടത്തി. പക്ഷേ സമയോചിതവും ക്രിയാത്മകവുമായ നടപടികളെടുത്ത് കൊറോണ വ്യാപനത്തെ അദ്ഭുതകരമായി ചെറുക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇത് കുറച്ചൊന്നുമല്ല കോണ്‍ഗ്രസ്സിനെ നിരാശപ്പെടുത്തിയത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷവും ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഉറപ്പായി. കൊറോണ മഹാമാരിയുടെ കാര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച ചൈനയും ആഗോളതലത്തില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചതില്‍ അമര്‍ഷംകൊണ്ടു. ഇതോടെ കോണ്‍ഗ്രസ്സിനെ രക്ഷിക്കുന്ന വിധത്തില്‍ മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചൈന തീരുമാനിക്കുകയായിരുന്നു. ഇതിന് കണ്ടെത്തിയ വഴിയാണ് ലഡാക്കിലെ പ്രകോപനം.
ചൈനയുടെ ഈ നടപടിയോട് പറഞ്ഞുറപ്പിച്ച മട്ടിലാണ് കോണ്‍ഗ്രസ്സ് പ്രതികരിച്ചത്. ചരിത്രപരമായിത്തന്നെ ചൈനയുടെ ട്രോജന്‍ കുതിരകളാണ് ഇടതുപാര്‍ട്ടികള്‍. 1962 ല്‍ ചൈനയെ ഇന്ത്യയാണ് ആക്രമിച്ചതെന്ന നിലപാടായിരുന്നുവല്ലോ അവരുടേത്. അന്നത്തെ നിലപാടുതന്നെയാണ് യാതൊരു സങ്കോചവുമില്ലാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ ഇന്നും ആവര്‍ത്തിക്കുന്നത്. ഇതേ നിലപാടിലേക്ക് കോണ്‍ഗ്രസ്സും മാറിയിരിക്കുന്നു. ഇവിടെയാണ് 2008-ല്‍ കോണ്‍ഗ്രസ്സും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്പരം ഒപ്പുവച്ച ദേശവിരുദ്ധ കരാറിന്റെ പ്രാധാന്യം. ഇതൊരു ത്രികക്ഷി സഖ്യമാണ്. സോണിയാ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന സഖ്യം. ചൈനയുടെ ചാരന്മാരും ഒറ്റുകാരുമായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. 1962 ലെ യുദ്ധത്തിനുശേഷം ചൈനയെ നാം ശത്രു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ആ രാജ്യവുമായി ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സഖ്യത്തെ തുറന്നുകാട്ടുകയും അടിച്ചമര്‍ത്തുകയും വേണം. ജനാധിപത്യം ഇതിന് തടസ്സമായിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: