തൃശൂര്‍: വിവിധ തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കേ ജില്ലയില്‍ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് ആയിരങ്ങള്‍. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ പിന്‍വാതില്‍ വഴി താല്‍ക്കാലിക നിയമനങ്ങളാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍. ഏഴ് ബറ്റാലിയനുകളിലായി നിലവിലുള്ള സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റ് 30ന് അവസാനിക്കും. ജില്ലയിലുള്ളവരടക്കം 10,000ലധികം ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പകുതി പേര്‍ക്കു പോലും നിയമന ശുപാര്‍ശ ലഭിച്ചിട്ടില്ല. സി-ഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ് വാട്ടര്‍ അതോറിറ്റി, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, ഗ്രാമപഞ്ചായത്തുകള്‍, കേരള സോപ്പ് തുടങ്ങിയവയിലെല്ലാം ആയിരക്കണക്കിന് താല്‍ക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആരോഗ്യ വകുപ്പില്‍ മാത്രം 6700 താല്‍ക്കാലിക തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ നാമമാത്രമായ നിയമനങ്ങള്‍ മാത്രം നടത്തുകയാണ്. പല ലിസ്റ്റുകളും കാര്യമായ നിയമനങ്ങള്‍ നടക്കാതെ കാലാവധി അവസാനിക്കാന്‍ പോവുകയാണ്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്തവയില് പോലും പിഎസ്സിയില് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞ് അഡൈ്വസ് അയക്കുന്നില്ല.
അപ്രഖ്യാപിത നിയമന നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താതെ തൊഴില്‍രഹിതരായ യുവജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83 ശതമാനം പേര് മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. ഈ ലിസ്റ്റിലും ചുരുക്കം നിയമനങ്ങളാണ് ഇതിനകം നടന്നിട്ടുള്ളത്. 17 ലക്ഷത്തി 94,000 പേര് എല്‍ഡിസി നിയമനത്തിന് പരീക്ഷയെഴുതിയിട്ടുണ്ട്. 3000 പേര് ഉള്‍പ്പെട്ട സിഇഒ റാങ്ക് ലിസ്റ്റില്‍ നിന്ന് 316 നിയമനങ്ങള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. 2019ലാണ് സിഇഒ ലിസ്റ്റ് നിലവില്‍ വന്നത്. എല്‍ഡി ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഷോര്‍ട്ട് ലിസ്റ്റുപോലും തയ്യാറാക്കിയിട്ടില്ല. ഭരണ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ സ്വന്തക്കാരെയും പാര്‍ട്ടിക്കാരേയും വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനുള്ള തിരക്കിട്ട ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താതെ പട്ടികജാതി ഉദ്യോഗാര്‍ത്ഥികളെയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ പട്ടിക ജാതി-വര്‍ഗ വിഭാഗക്കാരുടെ സ്പെഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് പൊതുഭരണ സെക്രട്ടേറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് സെല്‍ എ, ബി സെക്ഷനുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. എംപ്ലോയ്മെന്റ് സെല്‍ എന്ന ഏക സെക്ഷനാക്കി മാറ്റാനുള്ള തീരുമാനം പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ള തൊഴില്‍രഹിതരായ യുവതീ-യുവാക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: