തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനകളും നിരീക്ഷണവും പാളുന്നു. പരിശോധനാഫലങ്ങള്‍ പലപ്പോഴും വൈകുന്നു. ലഭിക്കുന്ന ഫലങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. മുന്നറിയിപ്പുകള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നുവെന്ന് ആരോഗ്യ വിഭാഗം. ഉറവിടം കണ്ടെത്താതെയുള്ള രോഗബാധിതരുടെ എണ്ണം 60. നിരീക്ഷണ സംവിധാനവും തകര്‍ന്നെന്ന് കണക്കുകള്‍.
കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്. 61 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിശോധനാഫലം ലഭിച്ചത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ, മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരന് എന്നിവരുടെ രോഗ ഉറവിടം അജ്ഞാതമാണ്. ആരില്‍ നിന്നാണ് ലഭിച്ചതെന്നതും കണ്ടെത്താനായില്ല. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആരോഗ്യമേഖലയെ തന്നെ ആശങ്കയിലാക്കി.
വാര് റൂം തകര്‍ന്നു
ലാബുകളില്‍ നിന്ന് ജില്ലാ വാര് റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര് റൂമിലേക്കുമാണ് പരിശോധനാഫലം അയയ്ക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര് റൂമില്‍ അയയ്ക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും. എന്നാല്‍ ഇത് താളംതെറ്റി. കൊവിഡ് ഒപിയില്‍നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. കണ്ടൈന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് പോലും ആരോഗ്യവിഭാഗം അറിയുന്നില്ല. ഇതിനിടെ വാര് റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര് റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ആരോഗ്യവിഭാഗം പടിക്കുപുറത്ത്
കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിക്കുന്നുവെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആരോപണം. ഏപ്രില്‍ എട്ട് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പ്രതിരോധത്തിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാകണെമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ വളച്ചൊടിച്ച് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ വൈകിട്ട് അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി)മിനു പോലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
നിരീക്ഷണം വാചകത്തില്‍ മാത്രം
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഫലവത്താകുന്നില്ലെന്ന് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് പേര് ആശുപത്രിയില്‍ ആത്മഹത്യചെയ്തു. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ വാക്കുകള്‍ ചികിത്സാപിഴവിലേക്ക് വിരല്‍ചൂണ്ടുന്നു. മെയ് 26 മുതല്‍ ജൂണ്‍ 22 വരെ നിരീക്ഷണം ലംഘിച്ചതിന് 294 കേസുകളാണെടുത്തത്. ജങ്ഷനുകളില്‍ ആളുകള്‍ക്കിടയില്‍ നിന്ന് പോലീസ് പിടികൂടിയ സംഭവം വരെയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: