രാജപുരം: പാണത്തൂര്‍ പനത്തടി പഞ്ചായത്തില്‍ ഡങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നും, ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തണമെന്നും ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഉദ്ഘാടനവും നടത്തിയിട്ടും ഇവിടെ രോഗികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ടിരിക്കുന്നത് രോഗികളോടു ചെയ്യുന്ന ക്രൂരതയാണ്. ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന രോഗികളെ പകല്‍ സമയത്തേക്ക് മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നത്. വൈകുന്നേരത്തോടു കൂടി അവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണ് ചെയ്യുന്നത്. ഈയൊരു സാഹചര്യത്തില്‍ പഞ്ചായത്തിലെ രോഗികളെ ഇവിടെ തന്നെ കിടത്തി ചികിത്സിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കൂടാതെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് രോഗനിര്‍ണ്ണയത്തിന് രക്ത പരിശോധന ഉള്‍പ്പെടെ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ജയറാം മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ആര് രാജന്, ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പി.ഗണേശന് നായക്ക്, കെ.എം ബാബു, ഭാസ്ക്കരന്‍ കാപ്പിത്തോട്ടം, മനു പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: