തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടയ്ക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കളും അവ പാചകം ചെയ്യുന്നതിനുള്ള ചെലവും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 12 ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി കേന്ദ്രം മുന്‍കൂറായി 54.98 കോടി രൂപയും നല്കി. മാര്‍ച്ച് 10 ന് സംസ്ഥാനത്ത് സ്കൂളുകള്‍ അടച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനായില്ല. ചില സ്കൂളുകളില്‍ കുട്ടികള്‍ക്ക് അരിവിതരണം ചെയ്തു. ചിലയിടങ്ങളില്‍ കുട്ടികള്‍ വരാത്തതിനാല്‍ കമ്മ്യൂണിറ്റി കിച്ചന് നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യധാന്യം നല്‍കണമെന്ന് ഏപ്രില്‍ 29ന് വീണ്ടും കേന്ദ്രം നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഭക്ഷ്യകിറ്റ് നല്കാന് തീരുമാനിച്ചത്.
വിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജൂലൈ ആദ്യവാരത്തോടെ വിതരണം ചെയ്യും.
മാര്‍ച്ച്,ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റാണ് നല്‍കുക. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ലഭിക്കും.
പ്രീ പ്രൈമറി കുട്ടികള്‍ക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്നത്. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുക. സപ്ലൈക്കോ മുഖേന സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് ആകും വിതരണം ചെയ്യുക. കേന്ദ്രം 54.98 കോടി നല്‍കിയെങ്കിലും 26.39 കോടി കൂടി വേണ്ടി വരുമെന്നാണ് സംസ്ഥാനം പറയുന്നത്. ഇത് വഹിച്ചുകൊള്ളാം എന്നു പറഞ്ഞ് കേന്ദ്ര പദ്ധതി കേരളത്തിന്റെ പദ്ധതിയായിട്ടാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: