ബാലഗോകുലം ജില്ലാ രക്ഷാധികാരിയും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂരിന്റെ കുറിപ്പ്
കുറുങ്കവിതകളോടുള്ള പ്രണയം…. കുട്ടിക്കാലത്തെ കൂട്ടിന് വിളിക്കുന്ന കൗതുകം…. കപീഷും ഡിങ്കനും മായാവിയുമൊക്കെ വായിച്ചും പകര്‍ന്നും…. അങ്ങനെയുമൊരു കാലം….
പുസ്തകവായന, വായിച്ചത് കുട്ടികള്‍ക്ക് പാടാന്‍ പാകത്തിന് കവിതയാക്കുക… എന്റെ ഉള്ളിലിരിപ്പ് ദിനങ്ങള്‍ക്ക് കുട്ടിക്കാലത്തിന്റെ ഉന്മേഷമുണ്ട്.
ശുദ്ധികലശമാണ് എനിക്ക് ലോക്ക് ഡൗണ്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുകയാണല്ലോ പ്രജയുടെ കടമ. പുറത്തിറങ്ങിയിട്ട് പത്ത് ദിവസമായി. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഭരണാധികാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് പൗരധര്‍മ്മമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഓരോ വ്യക്തിയിലൂടെയും പരിരക്ഷിക്കപ്പെടണം. ലോക്ഡൗണ്‍ കാലാവധി വരെ പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചത് അങ്ങനെയാണ്. ഈ കാലയളവ് എങ്ങനെ വിനിയോഗിക്കാം എന്നായിരുന്നു ആലോചിച്ചത്.
ആദ്യം പൊടിയടിച്ചു കിടന്ന പഴയ വീടിനെ ശുദ്ധമാക്കി. പുസ്തകോത്സവങ്ങള്‍ക്കും മറ്റുമായി കെട്ടിക്കിടന്ന പുസ്തകങ്ങള്‍ എല്ലാം പൊടിയടിച്ചു
വൃത്തിയാക്കി അടുക്കി വച്ചു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ മക്കള്‍ക്ക് അവധിക്കാല വായനയ്ക്കായി മാറ്റിവെച്ചു. 1985 മുതലുള്ള ബാലമാസികകളായ, ഇപ്പോഴത്തെ തലമുറയ്ക്ക് പരിചയമില്ലാത്ത പൂമ്പാറ്റ, കാട്ടുമൈന, ബാലമംഗളം പിന്നെ, ബാലരമ, ബാലഭൂമി, ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലി തുടങ്ങിയ ബാലമാസികകള്‍ വീണ്ടും അടുക്കിക്കെട്ടുകയും മകള്‍ക്ക് അധികവായനയ്ക്കായി എടുത്ത് വയ്ക്കുകയും ചെയ്തു.
അതോടൊപ്പം പഴയ ലിറ്റില്‍ മാസികകള്‍, ആയിരക്കണക്കിന് കത്തുകള്‍ ഒക്കെയും പുനഃക്രമീകരിച്ചു. പിന്നെ ചെറിയ രീതിയില്‍ കൃഷിപ്പണികള്‍…. ചെടികള്‍, പയര്‍, വാഴ… അങ്ങനെയങ്ങനെ….
പുസ്തകവായന പണ്ടേ ഹരമാണ്. അടച്ചിരുപ്പിന്റെ നാളുകളില്‍ കൂട്ട് പുസ്തകങ്ങളാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചു. ടോള്സ്റ്റോയികഥകളില് കുട്ടികള്‍ക്ക് ഇണങ്ങുന്ന കുറേ കഥകള്‍ കവിതകളാക്കി രൂപപ്പെടുത്തി.
‘കുട്ടിക്കവിതകളുടെ രചനാരഹസ്യം’ എന്നൊരു പുസ്തകത്തിന്റെ എഴുത്തിനും തുടക്കമിട്ടു. ബന്ധങ്ങള്‍ക്കിടയില്‍ കൂടുതല്‍ ദൃഢത കൈവന്നു. നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലുംം ജീവിതം ഏറ്റവും ലളിതമായി രൂപപ്പെടുത്തിയത് മൂലം വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാതെ കടന്നുപോയിട്ടുണ്ട്. എത്രത്തോളം നിങ്ങള്‍ ലളിതമായി ജീവിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ സുരക്ഷിതനും ആരോഗ്യവാനും ആയിരിക്കുമെന്ന ആശയമാണ് കൊറോണക്കാലത്തെ എന്റെ കരുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: