ന്യൂദല്‍ഹി: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് ചുട്ടമറുപടിയുമായി സൈനികന്റെ പിതാവ്.
‘ഇന്ത്യയുടേത് കരുത്തുറ്റ കരസേനയാണ്. അവര്‍ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധീ, ഇത് രാഷ്ട്രീയവത്കരിക്കരുത്.’ പറയുന്നത് ബല്‍വന്ത് സിങ്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരേന്ദ്ര സിങ്ങിന്റെ അച്ഛന്. എന്റെ മകന് ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പോരാടി, പോരാട്ടം ഇനിയും തുടരും, വീഡിയോയില്‍ ബല്‍വന്ത് പറഞ്ഞു.
സിങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തു. ‘രാഹുല്‍ നീച രാഷ്ട്രീയത്തില്‍ നിന്ന് ഉയരണം. ദേശീയ താത്പര്യത്തിന് ഒപ്പം ശക്തമായി നിലകൊള്ളണം. വീഡിയോ ഷെയര്‍ ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ധീരനായ സൈനികന്റെ അച്ഛനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇത് രാഹുലിനുള്ള വ്യക്തമായ സന്ദേശമാണ്, അദ്ദേഹം തുടര്‍ന്നു.
ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെയര്‍ ചെയ്ത രാഹുല്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കുറിച്ചിരുന്നു. ബല്‍വന്തിന്റെ പോസ്റ്റില്‍ അന്നു സംഭവിച്ച കാര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് എടുത്ത് രാഹുല്‍ തന്റെ നിലപാടു കൂടി ചേര്‍ത്ത് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. രാഹുലിന്റെ ഈ വില കുറഞ്ഞ നടപടിയെയാണ് ബല്‍വന്ത് രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്ട്രീയ കളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.
സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിക്കുന്ന രാഹുല്‍ വിഷത്തില്‍ രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. സര്‍വകക്ഷി യോഗം പോലും സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിട്ടും ഇന്നലെയും രാഹുല്‍ ചൈനയ്ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. സൈനികരെ ആയുധം നല്‍കാതെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് കൊലയ്ക്കു കൊടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്നും മുന്‍കാല കരാറുകള്‍ കാരണം ഇവര്‍ക്ക് വെടിവയ്ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയതോടെ രാഹുല്‍ നാണംകെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: