കുണ്ടറ: ലോക്ഡൗണിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്ത് നിര്‍ത്തിവച്ച തൃക്കോവില്‍വട്ടം ചേരീക്കോണം തലച്ചിറ ഡാമിന്റെ നവീകരണപ്രവര്‍ത്തനത്തിന് തുടക്കമായി. ചെളിയും മാലിന്യങ്ങളും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ ചിറയെ വീണ്ടെടുക്കുകയാണ് ലക്ഷ്യം.
ചിറയുടെ മധ്യഭാഗത്ത് ഒരാള്‍ പൊക്കത്തിലധികം വെള്ളമുണ്ട്. ചിറ വറ്റിച്ചാല്‍ മാത്രമേ മണ്ണും ചെളിയും എടുത്ത് മാറ്റാന്‍ കഴിയുകയുള്ളൂ. ചുറ്റും കെട്ടി സംരക്ഷിക്കുകയും വേണം. ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള ശുദ്ധജല ജലാശയമായ ചിറയിലൊന്നാണ് ഇത്. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കല്‍, സംരക്ഷണഭിത്തി നിര്‍മിക്കല്‍, മലിനജലം ഒഴുകിയെത്തുന്നത് തടയാന്‍ കുളത്തിന് ചുറ്റും സംരക്ഷണമതില്‍ ഒരുക്കല്‍, പുതിയ ഓവുചാല്‍ നിര്‍മിക്കല്‍ എന്നിവയും നവീകരണപ്രവൃത്തികളുടെ ഭാഗമായി നടത്തും.
നെല്‍ക്കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു തൃക്കോവില്‍വട്ടത്തെ മിക്ക പ്രദേശങ്ങളും. ഇന്നും കൃഷി അന്യംനിന്നിട്ടില്ലാത്ത പഞ്ചായത്തിലെ പ്രധാന സ്ഥലം കൂടിയാണ് ചേരീക്കോണം. ചിറ വൃത്തിയാക്കി പാര്‍ശ്വഭിത്തി കെട്ടി പായലും ചെളിയും മാറ്റി സംരക്ഷിച്ചാല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് വാര്‍ഡംഗം സുനിത്ത്ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: