തിരുവനന്തപുരം: നഗരത്തിലെ വസ്ത്രവിപണന ശാലയായ രാമചന്ദ്രന് ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കൊറോണ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ. രാമചന്ദ്രന് ടെക്സ്റ്റയില്‍സില്‍ ജോലിനോക്കുന്നവരില്‍ ഭൂരിഭാഗവും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ സ്ഥാപനം അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ കടകളില്‍ വീണ്ടും ജോലിക്ക് നിയോഗിച്ചിരിക്കുകയാണ്.
നഗരസഭാ ജീവനക്കാരെയും ആരോഗ്യവിഭാഗത്തെയും പോലീസിനെയും സ്വാധീനിച്ചാണ് ജീവനക്കാരെ ജോലിക്കായി നിയമിക്കുന്നത്. ലോക്ഡൗണിനു മുമ്പ് ജോലി നോക്കിയിരുന്നവരെ മാറ്റിയിട്ട് ഭൂരിഭാഗവും പുതിയ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ സ്വന്തം സ്ഥലം മറച്ചുവച്ചാണ് ഇവരെ ഓരോ കടകളിലും നിയോഗിച്ചിരിക്കുന്നത്. ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ കര്‍ശനമായും ക്വാറന്റൈനിലാകണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും രാമചന്ദ്രന് ടെക്സ്റ്റയില്‍സിന്റെ മാനേജ്മെന്റ് അംഗീകരിച്ചിട്ടില്ല.
ഇവര്‍ എങ്ങനെ സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കേരളത്തിലെത്തിയെന്നതും ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വ്യാജ പാസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജില്ലയില്‍ എത്തിയതെന്നും സംശയിക്കുന്നു. അങ്ങനെയെങ്കില്‍ പാസുകള്‍ ലഭിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെയും
പോലീസിനെയും സ്വാധീനിച്ചിരിക്കാമെന്ന ആരോപണവും ഉയരുന്നു. ജീവനക്കാര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല. ഇവിടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. സാമൂഹിക അകലം പാലിക്കാതെ എല്ലാപേരും അടുത്തടുത്താണ് കിടക്കുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പണത്തിന്റെ സ്വാധീനത്താല്‍ ഒരു നടപടിയും സര്‍ക്കാരും നഗരസഭയും സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: