ആലപ്പുഴ: കോവിഡ് കാലത്തും ആരോഗ്യ പ്രവര്‍ത്തകരോട് പ്രതികാര നടപടിയുമായി ആരോഗ്യ വകുപ്പ്. ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോഗ്യ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡിഎംഒ നടപടി സ്വീകരിച്ചത്. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കിയെങ്കിലും ഇദ്ദേഹവും ഈ ചുമതല ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ലന്നാണ് സൂചന.
ഈ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, ഫീല്‍ഡ് ജീവനക്കാര്‍, നേഴ്സ്, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങി 22 ജീവനക്കാരാണ് ഇവിടെയുള്ളത്. മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ കണ്ണനെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചുമതലയില്‍ നിന്നൊഴിവാക്കിയതെന്നാണു ആരോഗ്യ വകുപ്പ് നല്കുന്ന വിശദികരണം. ഇദ്ദേഹത്തിനു പകരം ഇവിടെ തന്നെ സേവനം ചെയ്യുന്ന ഡോക്ടര്‍ സ്റ്റെഫിക്ക് ചുമതല നല്‍കനാണ് ഡിഎംഒ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. ഡോ. കണ്ണനെ ചുമതലയില്‍ നിന്നൊഴിവാക്കാന്‍ ചരട് വലിച്ചവര്‍ തന്നെ പകരം സംവിധാനം ഒരുക്കട്ടെയെന്നാണ് ജീവനക്കാരുടെ നിലപാട്. അതേ സമയം ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഭരണപരമായ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു തുടങ്ങി.
ജീവനകാര്‍ക്ക് നല്‍കേണ്ട ആനുകുല്യങ്ങള്‍, ദൈനദിന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ എകോപനം എന്നിവയെല്ലാം താളം തെറ്റിയ നിലയിലാണ്. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച ഡോക്ടറടക്കമുള്ളവരോട് നടത്തുന്ന പ്രതികാര നടപടി സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ജീവനക്കാരുടെ വാദം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പകപോക്കല്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: