ലഡാക്കിലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച ചൈനയ്ക്ക് നമ്മുടെ ധീരസൈനികര്‍ ചുട്ട മറുപടി കൊടുത്തെങ്കിലും ചതി ആവര്‍ത്തിക്കുന്ന ആ രാജ്യത്തിനെതിരായ പ്രതിഷേധം ജനങ്ങളില്‍ അലതല്ലുകയാണ്. ഭാരതത്തോട് നിതാന്ത ശത്രുത പുലര്‍ത്തുന്ന ചൈനയിലെ കമ്യൂണിസ്റ്റ് സാമ്രാജ്യത്വ വാഴ്ചയെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കണമെന്ന വികാരം രാജ്യസ്നേഹികളില്‍ അനുദിനം ശക്തിപ്പെട്ടു വരുന്നു. ചൈനയുടെ സൈനിക ഹുങ്കിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുന്നതിനൊപ്പം സാമ്പത്തികമായ പ്രതിരോധ നടപടികളും ഭാരതത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം പതിന്മടങ്ങ് ശക്തിയോടെ ഉയര്‍ന്നിരിക്കുകയാണ്. ചൈനക്കെതിരെ കത്തിക്കാളുന്ന പ്രതിഷേധത്തോടൊപ്പം ചിലയിടങ്ങളില്‍ ആ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളായ ടെലിവിഷനും മൊബൈലുകളും മറ്റും ജനങ്ങള്‍ സ്വമേധയാ വലിച്ചെറിയുന്ന കാഴ്ചകള്‍ വര്‍ധിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ സാമ്പത്തികമായി ഒറ്റപ്പെടുമെന്നും ദുര്‍ബലപ്പെടുമെന്നും തിരിച്ചറിഞ്ഞാണ് ഈ ഘട്ടത്തില്‍ ഭാരതത്തിനെതിരെ വര്‍ധിച്ച പകയോടെ തിരിയാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. കോവിഡ് മഹാമാരിയെക്കുറിച്ച് യഥാസമയം വിവരം നല്‍കാതെ അത് പടരാനിടയാക്കിയതില് ലോകരാഷ്ട്രങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ചൈനയ്ക്കെതിരായി. ഒപ്പം ആ രാജ്യത്തെ നിക്ഷേപം പിന്‍വലിക്കാനുള്ള ആലോചനയിലുമാണ് അവര്‍. ഈ അവസരം ഭാരതത്തിന് അനുകൂലമാവരുതെന്ന ദുഷ്ടലാക്കാണ് ചൈനയ്ക്ക്. താരതമ്യേന കുറഞ്ഞ വേതന നിരക്കിലുള്ള തൊഴിലാളികളുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യതയാണ് നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഭാരതം ഈ അവസരം മുതലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ചൈന വിടാന്‍ ആഗ്രഹിക്കുന്ന നിര്‍മാണ കമ്പനികളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ക്ഷണിക്കുകയും ചെയ്തു. ഇത് ചൈനയിലെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി.
സ്വതന്ത്ര വിപണിയുടെ നിയമങ്ങള്‍ മുതലെടുത്ത് അയല്‍ രാഷ്ട്രങ്ങള്‍ ഭാരതത്തില്‍ മുതലിറക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെ വേണം നിക്ഷേപം നടത്താന്‍ എന്ന തീരുമാനമാണ് ഉണ്ടായത്. മൂലധനത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ച് മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുകയെന്നത് ചൈന കുറേക്കാലമായി അനുവര്‍ത്തിച്ചുപോരുന്ന തന്ത്രമാണ്. നേപ്പാളിനെയും ശ്രീലങ്കയെയുമൊക്കെ വരുതിയില്‍ നിര്‍ത്തുന്ന ഈ തന്ത്രം ഭാരതത്തിലും പ്രയോഗിക്കാനാവുമെന്ന കണക്കുകൂട്ടലാണ് ചൈനീസ് നേതൃത്വത്തിനുണ്ടായിരുന്നത്. ഇതൊന്നും അനുവദിക്കപ്പെടാത്തതിലുള്ള അമര്‍ഷവും കൂടിയാണ് അതിര്‍ത്തിയില്‍ പൊട്ടിത്തെറിച്ചത്. ചൈനയുടെ കാര്യത്തില്‍ ഒട്ടകത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസാനത്തെ വൈക്കോല്‍ത്തുരുമ്പായിരുന്നു കൊറോണക്കാലത്തെ മാന്ദ്യം നേരിടാന്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്. എല്ലാ രംഗത്തും സ്വയംപര്യാപ്തത കൈവരിക്കാന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന മുദ്രാവാക്യം മോദി മുന്നോട്ടുവച്ചത് ലോകത്തെ സാമ്പത്തിക വന്‍ ശക്തിയായി ഉയരാന്‍ മോഹിക്കുന്ന ചൈനയെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ഇതിനുപുറമെ, അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ഭാരതത്തിന് ഗുണകരമായതും ചീനയെ ചൊടിപ്പിച്ചു.
ആഗോളവല്‍ക്കരണത്തിന്റെ പ്രാണവായു, സ്വതന്ത്ര വിപണിയാണ്. ഭാരതത്തിന്റേതുപോലെ വിപുലമായ വിപണി ലോകത്ത് മറ്റൊരിടത്തുമില്ല. അമേരിക്കയെപ്പോലെ ചൈനയും ഇത് ഉപയോഗപ്പെടുത്തുന്നു. ഭാരത വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഈ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ബഹിഷ്കരിക്കുന്ന സ്ഥിതി വന്നാല്‍ അത് ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഗൗരവമായി ബാധിക്കും. പക്ഷേ സര്‍ക്കാരല്ല, ജനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. ഇതൊരു സാമ്പത്തിക യുദ്ധമാണ്. വിജയിക്കണമെന്നുണ്ടെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തണം. ഇത് ശ്രമകരമായ കാര്യമാണെങ്കിലും രാജ്യസ്നേഹത്താല്‍ പ്രചോദിതരായ ജനങ്ങള്‍ക്ക് അതിനാവും. സ്വാതന്ത്ര്യസമര കാലത്തെ വിദേശ വസ്തു ബഹിഷ്കരണം നല്കുന്ന പാഠമാണിത്. ആഗോളവല്‍ക്കരണ കാലത്ത് സൈനിക ശക്തികൊണ്ട് നേടാനാവാത്തത് വിപണിയുടെ കരുത്തിലൂടെ ഒരു തുള്ളി ചോരപോലും വീഴ്ത്താതെ കൈവരിക്കാനാവും. മഞ്ഞ രാക്ഷസനെ മുട്ടുകുത്തിക്കാനുള്ള മാര്‍ഗവും അവരുടെ ഉത്പന്നങ്ങളുടെ ബഹിഷ്കരണം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: