തിരുവനന്തപുരം:പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതും.തിരികെ എത്തിയ 84,195 പ്രവാസികളില്‍ 669 പേര് കൊറോണ ബാധിതരാണ് എന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം 079 ശതമാനമാണ്. വിദേശത്തു നിന്നു വന്നവരാണ് കേരളത്തില്‍ രോഗം കൂടാന്‍ കാരണക്കാര്‍ എന്നാണ് പറഞ്ഞു പരത്തുന്നത്.
ആകെ 2794 പേര്‍ക്ക് കേരളത്തില്‍ രോഗം പിടിച്ചതായി സര്‍ക്കാര്‍ തന്നെ പറയുന്നു.1,69.035 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും രോഗികള്‍. അനുപാതം 1.65 ശതമാനം. പ്രവസികളിലെ രോഗികളെക്കാള്‍ ഇരട്ടിയാണ് നാട്ടിലെ രോഗികളുടെ അനുപാതം. അതായത് 100 പ്രവാസികളെ പരിശോധിക്കുമ്പോള്‍ രോഗികളാകുന്നവര്‍ ഒന്നില്‍ താഴെ(0.79). എങ്കില്‍ 100 നാട്ടുകാരെ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം രണ്ടിനടുത്തു വരും (1.65). കണക്ക് കള്ളം പറയില്ലന്നിരിക്കെയാണ് കുറ്റമെല്ലാം പ്രവാസികളുടെ മേല്‍ ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം
ഒരു വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാകുമെന്നതില്‍ രോഗികളെയും അല്ലാത്തവരേയും പ്രത്യേകം കൊണ്ടു വരണമെന്ന പുതിയ ആവശ്യത്തിലും യുക്തിയില്ല.അങ്ങനെയെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നു
പ്രവാസികള്‍ക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതാണ് പുതിയ മറ്റൊരു ആവശ്്യം. അപ്രായോഗികം എന്നതു മാത്രമല്ല കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ കഴിഞ്ഞ മാര്‍ച്ച് 11നു ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിനെതിരുമാണിത്.
” അടിസ്ഥാനപരമായി ഇതു മനുഷ്യത്വവിരുദ്ധവും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്കരുണം കൈവിടുന്നതിനു തുല്യവുമാണ്…. നമ്മുടെ നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും വിജ്ഞാനവര്‍ധനയ്ക്കും പ്രവാസി സമൂഹം നല്കുന്ന സംഭാവനകള്‍ അതുല്യമാണ്. അവരെ ഈ പ്രതിസന്ധിഘട്ടത്തില്‍ അധിക വൈഷമ്യത്തിലാക്കുന്ന സമീപനത്തിനെതിരേ ഈ സഭ അഭിപ്രായം രേഖപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകള്‍ക്കും സംഭാവന നല്കുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്കു വരുന്നതില്‍ നിന്നും ഫലത്തില്‍ വിലക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.” എന്നതായിരുന്നു പമേയത്തിന്റെ ഉള്ളടക്കം.
വെറും മൂന്നു മാസംകൊണ്ട് പ്രവാസികളോടുള്ള സര്‍ക്കാരിന്റെ കാഴ്പ്പാട് കടകവിരുദ്ധമായതിന്റെ ചേതോവികാരം മലയാളികള്‍ക്കു മനസിലാകുന്നില്ല.രണ്ടരലക്ഷം പേര്‍ക്ക് ക്വാറന്റീന് സൗകര്യം, വിമാനത്താവളത്തില്‍ എത്തിയാല്‍ ക്വാറന്റീന് മുതല്‍ വീട്ടിലെത്തിക്കുന്നതുവരെ എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ ചെലവിലും മേല്‍നോട്ടത്തിലും, ടെസ്റ്റുകള്‍ സര്‍ക്കാര്‍ ചെലവില്‍ തുടങ്ങിയ തുടങ്ങി നിരവധി വാഗ്ദാന നല്കി മോഹിപ്പിച്ച സര്‍ക്കാര്‍ ഇപ്പോള്‍ വഞ്ചിക്കുക കൂടിയാണ്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയോ തമിഴ്നാടോ, ഡല്‍ഹിയോ പ്രവാസികള്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ മലയാളികള്‍ ആറ്റുനോറ്റു കാത്തിരുന്ന മടക്കയാത്രയാണ് അനിശ്ചിതത്വത്തിലായത്.
പ്രവാസികള്‍ക്ക് കോവിഡ് 19 ടെസ്റ്റ് നടത്താന്‍ വിദേശ രാജ്യങ്ങളിലോ, വിദേശ വിമാനത്താവളങ്ങളിലോ മതിയായ സൗകര്യം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യമുള്ളിടത്ത് താങ്ങാനാവത്ത നിരക്കും. ഇനി അതും താങ്ങാമെന്നു വച്ചാല്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി കിട്ടുക പ്രയാസമാണ്. ചുരുക്കത്തില്‍ പ്രവാസികള്‍ വരരുത് എന്ന വളച്ചു പറയുകയാണ് സര്‍ക്കാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: