തൃശൂര്‍: ക്ഷീരവികസന, മത്സ്യ കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വേഗത്തിലാക്കാന്‍ നടപടി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ജില്ലാതല വിശകലന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ക്കുള്ള ഗ്യാരണ്ടിഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. ജില്ലയിലെ എല്ലാ വ്യവസായ സംരംഭകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.
ജില്ലയില്‍ 30,000 ക്ഷീര കര്‍ഷകരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ ഉദ്ദേശിക്കുന്നത്. 1,60,000 രൂപ വരെ പ്രവര്‍ത്തന മൂലധനമായി വസ്തു പണയപ്പെടുത്താതെ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. ഇതിനായി കര്‍ഷകര്‍ അടുത്തുള്ള ബാങ്കിനെ സമീപിക്കണം. എല്ലാ പി എം -കിസാന്‍ ഗുണഭോക്താക്കളെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും.
യോഗത്തില്‍ കെഎസ്എസ്ഐഎ പ്രതിനിധി നോബി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മേധാവി സജി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍, ലീഡ് ബാങ്ക് മാനേജര്‍ കെ.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: